ദില്ലി: വളരെ എളുപ്പത്തില്‍ ഉപേക്ഷിക്കാവുന്ന ചൈനീസ് ഉത്പന്നങ്ങളുടെ പട്ടികയും അവയുടെ ഇന്ത്യന്‍ ബദലുമായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ്. രാജ്യവ്യാപകമായി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ബദലായി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. ഇന്ത്യന്‍ ഉത്പന്നം നമ്മുടെ അഭിമാനം എന്ന ക്യാംപയിനിന്‍റെ ഭാഗമായി ചൈനയില്‍ നിന്നുളള ഒരു ലക്ഷം കോടി രൂപയുടെ ഇറക്കുമതി കുറക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇതിന്റെ ആദ്യ നടപടിയായി വളരെ പെട്ടന്ന് ഉപേക്ഷിക്കാന്‍ കഴിയുന്ന 3000 ഉത്പന്നങ്ങളുടെ പട്ടികയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസിദ്ധമാക്കിയത്. ഇവയ്ക്ക് ബദലായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പട്ടികയും ഇതിനൊപ്പമുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യവസായ നേതാക്കന്മാരെ പങ്കെടുപ്പിച്ച് ദില്ലിയില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ഘട്ടം ഘട്ടമായുളള പ്രവര്‍ത്തനത്തേക്കുറിച്ച് സിഎഐറ്റി വ്യക്തമാക്കിയത്. 

ട്രെയിനില്‍ ഉപയോഗിക്കാനുള്ള ഗ്ലാസുകളും തദ്ദേശീയമായി നിര്‍മ്മിച്ച മാസ്കുകളും സിഎഐറ്റി പുറത്തിറക്കി. 2020 ഡിസംബറോടെ രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ വിതരണം ചെയ്യാനുള്ള 5 കോടി ഗ്ലാസ് നിര്‍മ്മിക്കാനാവുമെന്നാണ് സിഎഐറ്റി വിശദമാക്കുന്നത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളിലാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതി രാജ്യത്ത് ഇത്രയധികമായതെന്നും സിഎഐറ്റി നിരീക്ഷിക്കുന്നു. പൂര്‍ണമായും ചൈനയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതി ആദ്യഘട്ടത്തില്‍ തന്നെ പ്രാബല്യത്തില്‍ വരുത്താനാണ് പദ്ധതിയെന്നും സിഎഐറ്റി വ്യക്തമാക്കി.