Asianet News MalayalamAsianet News Malayalam

കേരളത്തിൽ വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമോ? അന്വേഷിച്ച് വിളിക്കുന്നവരോട് എക്സൈസിന് പറയാനുള്ളത്

അഞ്ച് വർഷമായി ആദായ നികുതി അടയ്ക്കുന്നവർക്ക് വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ധാരാളം പേര്‍ ഇക്കാര്യം ചോദിച്ച് വിളിക്കുകയാണ്.

Can you get a mini bar license at home in Kerala excise reply btb
Author
First Published Oct 17, 2023, 4:18 PM IST

തിരുവനന്തപുരം: ആദായ നികുതി അടയ്ക്കുന്നവർക്ക് വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി എക്സൈസ്. അഞ്ച് വർഷമായി ആദായ നികുതി അടയ്ക്കുന്നവർക്ക് വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടും എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ധാരാളം പേര്‍ ഇക്കാര്യം ചോദിച്ച് വിളിക്കുകയാണ്. എന്നാല്‍, കേരളത്തിൽ അത്തരമൊരു നിയമനിർമ്മാണം വന്നിട്ടില്ലെന്ന് എക്സൈസ് വ്യക്തമാക്കി.

ഉത്തരാഖണ്ഡിൽ 2023 - 24 വർഷത്തെ എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട വാർത്ത വളച്ചൊടിച്ചാണ് കേരളത്തിലും ഇനി മിനി ബാർ തുടങ്ങാം എന്ന മട്ടിൽ വാർത്ത പ്രചരിക്കുന്നത്. നിലവിൽ ഉത്തരാഖണ്ഡിൽ പ്രസ്തുത മിനി ബാർ ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥ പിൻവലിച്ചിട്ടുമുണ്ട്. തെറ്റിദ്ധാരണജനകമായ കാര്യങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കണമെന്നും എക്സൈസ് ആവശ്യപ്പെട്ടു.

അതേസമയം, 12,000 രൂപ വാര്‍ഷിക ഫീസ് ഈടാക്കി ഹോം മിനി ബാറിനുള്ള അനുമതി നല്‍കാനായിരുന്നു ഉത്തരാഖണ്ഡ് തീരുമാനിച്ചിരുന്നത്. ലൈസൻസ് ഉടമയ്ക്ക് പരമാവധി ഒമ്പത് ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യം,18 ലിറ്റർ വിദേശ മദ്യം, ഒമ്പത് ലിറ്റർ വൈനും 15.6 ലിറ്റർ ബിയറും വീട്ടിൽ സൂക്ഷിക്കാൻ ഇതുപ്രകാരം അനുമതി ലഭിക്കുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്ന ഒരാൾക്ക് മാത്രമേ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിൽ ലൈസൻസിന് അപേക്ഷിക്കാൻ കഴിയൂ എന്നായിരുന്നു വ്യവസ്ഥ.

ഒരാൾ വ്യക്തിഗത ഉപയോഗത്തിന് മാത്രം ബാർ ഉപയോഗിക്കണം,  ഒരു വാണിജ്യ പ്രവർത്തനവും അനുവദിക്കില്ല, അറിയിപ്പ് ലഭിച്ച ഡ്രൈ ഡേകളില്‍ ബാർ അടച്ചിടേണ്ടിവരും,  21 വയസിന് താഴെയുള്ള ആരും ബാറിൽ വരുന്നില്ലെന്ന് ഉറപ്പാക്കണം തുടങ്ങിയ വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, അടുത്ത ദിവസം തന്നെ ഉത്തരാഖണ്ഡ് ഇത് പിൻവലിക്കുകയും ചെയ്തു. 

ആറ് ദിവസത്തേക്കുള്ള ഇന്ധനം, മരുന്നുകള്‍; യുഎൻ ഗാസയിൽ എത്തിച്ച സഹായം ഹമാസ് മോഷ്ടിച്ചുവെന്ന് ഇസ്രായേല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios