ഇടുക്കി: ഏലക്കയുടെ സർവ്വകാല റെക്കോർഡ് വിലയിൽ വീണ്ടും മാറ്റം. 3622 രൂപയെന്ന പുതിയ റെക്കോർഡ് വിലയാണ് ഏലക്കയ്ക്കിപ്പോഴുള്ളത്. നാല് ദിവസം മുമ്പ് ചരിത്രത്തിൽ ആദ്യമായി മൂവായിരം കടന്ന ഏലയ്ക്കാ വില വീണ്ടും കുതിക്കുകയാണ്. 

ഇടുക്കി പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ലേലത്തിൽ ഏലക്കയ്ക്ക് കിട്ടിയത് 3622 രൂപയെന്ന പുതിയ റെക്കോർഡ് വിലയാണ്. എന്നാൽ ഈ റെക്കോർഡിന് അധികം ആയുസ് ഉണ്ടാകില്ലെന്നാണ് വ്യാപരികളുടെ കണക്ക് കൂട്ടൽ. ഈ ആഴ്ചയിൽ തന്നെ നാലായിരം കടന്നാലും അത്ഭുതപ്പെടാനില്ല. 

എന്നാൽ വില ഇങ്ങനെ കുതിക്കുമ്പോഴും കൃഷിക്കാർ ഒട്ടും സന്തോഷത്തിലല്ല. പ്രളയവും വരൾച്ചയും കാരണം ഇത്തവണ വിളവ് തീരെ ഇല്ലായിരുന്നു. കൃഷിയിൽ നേരിട്ട നഷ്ടം നികത്താൻ ഏലക്ക എല്ലാം കിട്ടിയ കാശിന് നേരത്തെ തന്നെ വിറ്റു. നല്ല വില കിട്ടുന്ന അവസ്ഥ വന്നപ്പോൾ വിൽക്കാൻ ഏലയ്ക്കാ ഇല്ലാത്ത അവസ്ഥയുമായി.