തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തുന്നത്. ഞായറാഴ്ച മാത്രം 650-ലധികം വിമാനങ്ങള്‍ റദ്ദാക്കിയതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്.

വിമാന സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെ ഇന്‍ഡിഗോയുടെ ഓഹരികള്‍ക്കും കനത്ത തിരിച്ചടി. ഇന്ന് വ്യാപാരത്തിനിടെ ഓഹരി വില 7 ശതമാനത്തോളം ഇടിഞ്ഞു. ഇതോടെ തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തുന്നത്. ഞായറാഴ്ച മാത്രം 650-ലധികം വിമാനങ്ങള്‍ റദ്ദാക്കിയതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ഇന്ന് ഒരു ഘട്ടത്തില്‍ ഓഹരി വില 5,015 രൂപ വരെ താഴ്ന്നു. കഴിഞ്ഞ ഏഴു ദിവസത്തിനിടെ മാത്രം 15 ശതമാനത്തോളമാണ് ഓഹരി വിലയില്‍ ഇടിവുണ്ടായത്.

പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഇന്‍ഡിഗോ ഓഹരികളുടെ ടാര്‍ഗറ്റ് പ്രൈസ് വെട്ടിക്കുറച്ചു. യുബിഎസ് ഓഹരി വാങ്ങാമെന്ന ബയിംഗ് റേറ്റിംഗ് നിലനിര്‍ത്തിയെങ്കിലും ടാര്‍ഗറ്റ് പ്രൈസ് 6,350 രൂപയായി കുറച്ചു.ഡിസംബര്‍ പകുതിയോടെ സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്ന് വിലയിരുത്തി ജെഫറീസ ടാര്‍ഗറ്റ് പ്രൈസ് 7,025 രൂപയായി നിശ്ചയിച്ചു. ിതിഗതികള്‍ മോശമാണെന്ന് വിലയിരുത്തി ഇന്‍വെസ്റ്റെക് ടാര്‍ഗറ്റ് പ്രൈസ് 4,040 രൂപയായി കുറച്ചു.

സര്‍വീസുകള്‍ താളംതെറ്റിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഞായറാഴ്ച 1,650 വിമാനങ്ങള്‍ സര്‍വീസ് നടത്തി. ശനിയാഴ്ച ഇത് 1,500 ആയിരുന്നു. വിമാനങ്ങളുടെ സമയനിഷ്ഠ 30 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി മെച്ചപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് റീഫണ്ട്, ലഗേജ് പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതായും കമ്പനി വ്യക്തമാക്കി.

വിശദീകരണം തേടി

ഡിജിസിഎ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സിനോട് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വിശദീകരണം തേടിയതായി റിപ്പോര്‍ട്ടുണ്ട്. സിസ്റ്റം തകരാറാണ് ഡിസംബര്‍ 5-ന് 1000-ലധികം വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമായതെന്ന് സിഇഒ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ചെയര്‍മാന്‍ വിക്രം സിംഗ് മേത്തയുടെ നേതൃത്വത്തില്‍ പ്രത്യേക 'ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന്' രൂപം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും റീഫണ്ടുകള്‍ ഉറപ്പാക്കാനും ഡയറക്ടര്‍ ബോര്‍ഡ് നിരന്തരം ഇടപെടുന്നുണ്ടെന്ന് ഇന്‍ഡിഗോ വക്താവ് അറിയിച്ചു.