Asianet News MalayalamAsianet News Malayalam

ഗെയിൽ മാർക്കറ്റിങ് ഡയറക്ടർക്കെതിരെ സിബിഐ കേസ്; നാലാം പ്രതി മലയാളി

മലയാളിയായ രാമകൃഷ്ണൻ നായർ, രംഗനാഥന്റെ നിർദ്ദേശ പ്രകാരം ഇടനിലക്കാരുടെ പക്കൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്

CBI books GAIL director in alleged bribery case carries out searches
Author
Delhi, First Published Jan 15, 2022, 8:01 PM IST

ദില്ലി: ഗെയിൽ മാർക്കറ്റിംഗ് ഡയറക്ടർ ഇഎസ് രംഗനാഥനെതിരെ സിബിഐ കേസെടുത്തു. ഗെയിലിന്റെ പെട്രോ കെമിക്കൽ ഉൽപനങ്ങൾ വില കുറച്ച് നൽകുന്നതിന് കൈക്കൂലി വാങ്ങിയ  പരാതിയിലാണ് കേസ്. കേസിൽ നാലാം പ്രതി മലയാളിയായ എൻ രാമകൃഷ്ണൻ നായരാണ്. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുക, ക്രമവിരുദ്ധമായ പ്രവർത്തികൾ നടത്തുക തുടങ്ങിയ പരാതികളിലാണ് കേസെടുത്തിരിക്കുന്നത്. സിബിഐ സംഘത്തിന് വിശ്വസനീയമായ കേന്ദ്രത്തിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

രംഗനാഥനാണ് കേസിൽ ഒന്നാം പ്രതി. ഇയാളുടെ ഇടനിലക്കാരായ പവൻ ഗോർ, രാജേഷ് കുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. മലയാളിയായ രാമകൃഷ്ണൻ നായർ, രംഗനാഥന്റെ നിർദ്ദേശ പ്രകാരം ഇടനിലക്കാരുടെ പക്കൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. എട്ട് പ്രതികളെയാണ് ആദ്യ ഘട്ടത്തിൽ സിബിഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അഴിമതി നിരോധന നിയമം 1988 ലെ 7, 7എ, 8, 9, 10 വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സിബിഐ ഇൻസ്പെക്ടർ വിനോദ് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല. ഇന്നലെ സിബിഐ സംഘം ദില്ലിയിലും നോയ്‌ഡയിലും കേസുമായി ബന്ധപ്പെട്ട ആളുകളെയും വസതികളിലും ഓഫീസുകളിലുമെല്ലാം റെയ്ഡ് നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios