ഓൺലൈൻ ഭക്ഷണ വിതരണ സേവനദാതാക്കളായ സ്വിഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്കെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈ:(Mumbai) ഓൺലൈൻ ഭക്ഷണ വിതരണ സേവനദാതാക്കളായ സ്വിഗി, സൊമാറ്റോ (Zomato, Swiggy) തുടങ്ങിയ കമ്പനികൾക്കെതിരെ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷണത്തിന് ഉത്തരവിട്ടു. ഇരുകമ്പനികളും അനാരോഗ്യകരമായ ബിസിനസ് പ്രവർത്തനങ്ങൾ നടത്തിയെന്ന് സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

നാഷണൽ റസ്റ്റോറന്റ്സ് അസോസിയേഷൻ രണ്ടു കമ്പനികൾക്കും എതിരെ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചിരുന്നു. രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് എന്നും കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണത്തോട് സഹകരിക്കുമെന്നും സൊമാറ്റോ വ്യക്തമാക്കിക്കഴിഞ്ഞു.

സൊമാറ്റോ, സ്വിഗി പ്ലാറ്റ്ഫോമുകളിൽ ചില ഹോട്ടലുകൾക്ക് മാത്രമായി പ്രത്യേക പ്രാധാന്യം നൽകുന്നു. ഇത്തരം ഹോട്ടലുകളുടെ വരുമാനത്തിലെ വിഹിതം കമ്പനികൾക്കും കിട്ടുന്നുണ്ടെന്നുമുള്ള ആരോപണമാണ് എൻ ആർ എ ഐ ഉന്നയിച്ചിരിക്കുന്നത്. ഈ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടാണ് കോമ്പറ്റീഷൻ കമ്മീഷൻ നടപടി എടുത്തിരിക്കുന്നത്.

തങ്ങൾക്ക് പങ്കാളിത്തമുള്ളതും കൂടുതൽ വരുമാന വിഹിതം നൽകുന്നതുമായ കമ്പനികൾക്ക് സ്വിഗി, സൊമാറ്റോ പ്ലാറ്റ്ഫോമുകളിൽ ഉയർന്ന പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിൽ അത് ആരോഗ്യപരമായ ബിസിനസ് പ്രവർത്തനത്തിന് ദോഷകരമാണെന്നും കോമ്പറ്റീഷൻ കമ്മീഷൻ പറയുന്നുണ്ട്.

രാജ്യത്ത് നിലവിൽ ഫുഡ് ഡെലിവറി രംഗത്ത് വമ്പൻ മാർക്കറ്റ് വിഹിതം ഉള്ള ഭീമൻ കമ്പനികളാണ് സൊമാറ്റോയും സ്വിഗിയും. 2002ലെ കോംപറ്റീഷൻ നിയമത്തിലെ സെക്ഷൻ 19 (3) ന്റെ ലംഘനം നടന്നോ എന്നാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രധാനമായും അന്വേഷിക്കുന്നത്.

മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട, 1.8 കോടി പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റിൽ 

മലപ്പുറം: മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളിൽ നിന്നായി ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിൽ നിന്നും 90 ലക്ഷം രൂപയും മലപ്പുറത്ത് നിന്നും18 ലക്ഷം രൂപയുമാണ് പിടികൂടിയത്.

പെരിന്തൽമണ്ണയിൽ വല്ലപ്പുഴ സ്വദേശികളായ കൊടിയിൽ ഫൈസലും മണൽപള്ളി നിസാറുമാണ് പണം കടത്തുന്നതിനിടെ അറസ്റ്റിലായത്. മലപ്പുറത്ത് 18 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൂട്ടിലങ്ങാടിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കാറില്‍ കൊണ്ടുവരികയായിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ അറയുണ്ടാക്കിയാണ് കാറില്‍ പണം ഒളിപ്പിച്ചിരുന്നത്. പണം കൊണ്ടുവന്ന പാലക്കാട് സ്വദേശി നിലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മലപ്പുറത്ത് അടുത്തിടെ കുഴല്‍പ്പണമിടപാട് വീണ്ടും വ്യാപകമായിട്ടുണ്ട്. ഒരു മാസത്തിനിടെ മലപ്പുറത്തുനിന്നും പിടിച്ചെടുത്തത് പന്ത്രണ്ട് കോടി രൂപയാണ്. ഇന്നലെയും പെരിന്തൽമണ്ണയിൽ നിന്നും കുഴൽപ്പണം പിടികൂടിയിരുന്നു. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപയാണ് ഇന്നലെ പൊലീസ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴല്‍പണ ഇടപാടുകാരെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.