Asianet News MalayalamAsianet News Malayalam

വരുമാനം കുറഞ്ഞെന്ന് സംസ്ഥാനങ്ങൾ: ജിഎസ്ടി നികുതി നിരക്കിൽ വൻ പരിഷ്കാരത്തിന് സാധ്യത


 പൂജ്യം, അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജിഎസ്ടി സ്ലാബുകൾ. 

center forms ministerial panel to review tax slabs
Author
Delhi, First Published Sep 27, 2021, 6:42 PM IST

ദില്ലി: ജിഎസ്ടി നികുതി നിരക്കുകൾ (GST Tax Slabs) പരിഷ്കരിക്കാൻ നടപടി തുടങ്ങി. ചില ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയർത്താനും ഏകീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജിഎസ്ടിയിൽ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിരക്ക് ഏകീകരണത്തിന് കേന്ദ്രസർക്കാർ മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ധനമന്ത്രി കെ.എൻ ബപാലഗോപാൽ ഉൾപ്പെട്ട ഏഴംഗ സമിതി രണ്ടു മാസത്തിനുള്ളിൽ വിഷയത്തിൽ ശുപാർശ നൽകും. (GST Council)

 പൂജ്യം, അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജിഎസ്ടി സ്ലാബുകൾ. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ ഏഴു ശതമാനം വരെ ഇടിവുണ്ടായ വിഷയം കഴി‍ഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് പരിഷ്ക്കാരത്തിന് മന്ത്രിതല സമിതിക്ക് കേന്ദ്രം രൂപം നല്കിയത്. കർണ്ണാടക മുഖ്യമന്ത്ര ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയിൽ ധനമന്ത്രി കെഎൻ ബാലഗോപാലും പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്രയും അംഗങ്ങളാണ്.

നികുതി പരിഷ്കാരത്തിൻ്റെ ഭാഗമായി ഇപ്പോൾ ഇളവ് നൽകിയിരിക്കുന്ന ചില ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടു വന്നേക്കാൻ സാധ്യതയുണ്ട്. ചില ഉത്പന്നങ്ങൾക്ക് നികുതി കൂട്ടാനും ആലോചനയുണ്ട്. നികുതി ഏകീകരിച്ചാൽ ചിലതിന് കുറയും. എന്നാൽ വരുമാനം എങ്ങനെ കൂട്ടാം എന്നാവും പ്രധാന ആലോചനയെന്ന് ഉന്നതവൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. 

ഇരട്ട നികുതി പരമാവധി ഒഴിവാക്കുന്നതും സമിതി പഠിക്കും. നികുതി ചോർച്ച സംസ്ഥാനങ്ങളെ കാര്യമായി ബാധിക്കുന്നുവെന്ന പരാതി ശക്തമാണ്. നിലവിൽ ഉപയോഗിക്കുന്ന ജിഎസ്ടി സോഫ്റ്റ് വെയർ കുറ്റമറ്റത്താക്കുന്നതിനെക്കുറിച്ചാലോചിക്കാൻ മറ്റൊരു സമിതിക്കും കേന്ദ്രം രൂപം നൽകിയിട്ടുണ്ട്. നികുതി കുറച്ചാലും ചോർച്ച ഒഴിവാക്കി വരുമാനം കൂട്ടാം എന്നായിരുന്നു ജിഎസ്ടി കൊണ്ടു വന്നപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷ. എന്നാൽ ആദ്യ വർഷങ്ങളിലെ വരുമാനം പോലും ഇപ്പോൾ ഇല്ലെന്ന് സംസ്ഥാനങ്ങൾ പരാതിപ്പെടുമ്പോൾ സാധാരണക്കാർ കൂടുതൽ നികുതി നൽകേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

Follow Us:
Download App:
  • android
  • ios