ദില്ലി: രണ്ട് സ്വകാര്യ കമ്പനികളിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരികൾ വിൽക്കാൻ ആലോചന. ആക്സിസ് ബാങ്കിലെയും സിഗററ്റ് നിർമ്മാതാക്കളായ ഐടിസിയുടെയും ഓഹരികളാണ് വിൽക്കുന്നത്. 22000 കോടി സമാഹരിക്കാനാണ് ശ്രമം.

ഐടിസിയിൽ 7.94 ശതമാനവും ആക്സിസ് ബാങ്കിൽ 4.69 ശതമാനവുമാണ് സർക്കാരിനുള്ള ഓഹരികൾ. 2020 മാർച്ച് 31 ലെ കണക്കാണിത്. ചൊവ്വാഴ്ചത്തെ കണക്കുകൾ പ്രകാരം ആക്സിസ് ബാങ്കിന്റെ ഓഹരി വില 389.2 രൂപയും ഐടിസിയുടേത് 173.9 രൂപയുമാണ്. ഇതുവെച്ച് കണക്കാക്കുമ്പോൾ രണ്ട് സ്ഥാപനങ്ങളിലുമായി 22123 കോടിയുടെ ഓഹരികളാണ് കേന്ദ്രത്തിന്റെ പക്കലുള്ളത്.

നടപ്പു സാമ്പത്തിക വർഷം 2.10 ലക്ഷം കോടി ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഐഡിബിഐ ബാങ്കിന്റെ ഓഹരികളും എൽഐസിയുടെ ഓഹരികളിൽ ഒരു പങ്കും വിറ്റഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാത്രം 90000 കോടിയാണ് സർക്കാർ സമാഹരിക്കാൻ ശ്രമിക്കുന്നത്.