കുതിച്ചുയരുന്ന വാണിജ്യ എല്‍പിജി വിലയില്‍ പ്രതിസന്ധിയിലായ ഹോട്ടലുടമകള്‍ക്ക് ആശ്വാസമായി എഥനോള്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റൗവുകള്‍ ഉടന്‍ വിപണിയിലെത്തും. ഈ നീക്കം അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസലില്‍ ഐസോബ്യൂട്ടനോള്‍ കലര്‍ത്തുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് പകരമായി എഥനോള്‍ അടിസ്ഥാനമാക്കിയുള്ള സ്റ്റൗവുകള്‍ ഉടന്‍ പുറത്തിറങ്ങും. കുതിച്ചുയരുന്ന വാണിജ്യ എല്‍പിജി വിലയില്‍ വലയുന്ന ഹോട്ടലുടമകള്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാകുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. എഥനോള്‍ കുക്ക് സ്റ്റൗവുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗ്രെയിന്‍ എഥനോള്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എല്‍പിജി വിലക്കയറ്റവും പ്രതിസന്ധിയും

ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ അസംസ്‌കൃത എണ്ണ വിതരണ പ്രതിസന്ധിയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ പ്രതിഫലിക്കുന്നത്. ഏറ്റവും പുതിയ നിരക്കുകള്‍ പ്രകാരം ദില്ലിയിൽ വാണിജ്യ എല്‍പിജി സിലിണ്ടറിന് 42 രൂപയും കൊല്‍ക്കത്തയില്‍ 53.50 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 3113.50 രൂപയും കൊല്‍ക്കത്തയില്‍ 3255.50 രൂപയുമായി.

വാണിജ്യ സിലിണ്ടറുകളുടെ വിലയിലുണ്ടായ ഈ കുതിച്ചുചാട്ടം റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനച്ചെലവ് കുത്തനെ കൂട്ടിയിട്ടുണ്ട്. ഇത് പലയിടത്തും ഭക്ഷണ വില കൂട്ടുന്നതിനോ അളവ് കുറയ്ക്കുന്നതിനോ കാരണമായി. ഈ അധിക ബാധ്യത താങ്ങാനാകാതെ ചെറുകിട ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പലര്‍ക്കും തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്. എല്‍പിജി വിതരണത്തിലുണ്ടാകുന്ന തടസങ്ങള്‍ സേവനങ്ങളെ ബാധിക്കുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

എണ്ണ ഇറക്കുമതി

വാണിജ്യ ആവശ്യങ്ങള്‍ക്കായി എല്‍പിജിക്ക് പകരം എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ അസംസ്‌കൃത എണ്ണയുടെ ആശ്രിതത്വം 15 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കും. ഇത് ഇറക്കുമതിയില്‍ വലിയ ലാഭമുണ്ടാക്കും. ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള ഊര്‍ജ്ജ പ്രതിസന്ധികളെയും അസംസ്‌കൃത എണ്ണ വിലക്കയറ്റത്തെയും നേരിടാന്‍ എഥനോള്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷ.

ഡീസലില്‍ ഐസോബ്യൂട്ടനോള്‍ 

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള എഥനോള്‍ സ്റ്റൗവുകള്‍ക്ക് പുറമെ ഡീസലില്‍ എഥനോള്‍ കലര്‍ത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസലിനൊപ്പം ഐസോബ്യൂട്ടനോള്‍ കലര്‍ത്തുന്നത് ഇന്ത്യ ഉടന്‍ നിര്‍ബന്ധമാക്കിയേക്കാം. ഇതിനായുള്ള പൈലറ്റ് പ്ലാന്റ് സര്‍ക്കാര്‍ സ്ഥാപിച്ചുവരികയാണ്.