ദില്ലി: ബിപിസിഎല്ലിന് ശേഷം മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി കേന്ദ്രസർക്കാർ പൂർണമായും വിൽക്കുന്നു. ഷിപ്പിങ് കോർപറേഷനിലെ 63.75 ശതമാനം ഓഹരിയും വാങ്ങുന്നതിന് സ്വകാര്യകമ്പനികളിൽ നിന്നും വ്യക്തികളിൽ നിന്നും നിക്ഷേപം സ്വാഗതം ചെയ്തിരിക്കുകയാണ് കേന്ദ്രസർക്കാർ ഇപ്പോൾ.

താത്പര്യമുള്ളവർക്ക് 2021 ഫെബ്രുവരി 13 ന് മുൻപ് സർക്കാരിന്റെ 63.75 ശതമാനം ഓഹരികളും വാങ്ങാവുന്നതാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതുന്നയിക്കാൻ ജനുവരി 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.

ബിപിസിഎല്ലിനും കണ്ടെയ്‌നർ കോർപറേഷനും ഒപ്പം നവംബറിലാണ് ഷിപ്പിങ് കോർപറേഷന്റെയും ഓഹരി വിൽപ്പനയ്ക്ക് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. ഷിപ്പിങ് കോർപറേഷനിൽ കേന്ദ്രസർക്കാരിന്റെ 63.75 ശതമാനം ഓഹരിക്ക് 2535 കോടി രൂപയാണ് മൂല്യം.