അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഇന്ത്യയുടെ ഈ സുപ്രധാന നീക്കം
ആഗോള രാഷ്ട്രീയ സാഹചര്യം മാറിയാലും ഇന്ത്യയുടെ ഊര്‍ജ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യാന്തര വിപണിയില്‍ എവിടെയാണോ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിക്കുന്നത്, അവിടെ നിന്ന് അത് വാങ്ങുമെന്നും ഗുണമേന്മയ്ക്ക് ആയിരിക്കും പ്രഥമ പരിഗണനയെന്നും കേന്ദ്രം വ്യക്തമാക്കി. ശശി തരൂര്‍ അധ്യക്ഷനായ വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് മുന്നിലാണ് വിദേശകാര്യ, വാണിജ്യ മന്ത്രാലയങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയാണ് ഇന്ത്യയുടെ ഈ സുപ്രധാന നീക്കം. ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്കും ഊര്‍ജ സുരക്ഷയ്ക്കും അനുയോജ്യമായ രീതിയില്‍ മാത്രമേ തീരുമാനങ്ങള്‍ എടുക്കൂ എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യോഗത്തില്‍ അറിയിച്ചു.
ഗുണമുണ്ടെങ്കില്‍ എവിടെ നിന്നും വാങ്ങും
ഇന്ത്യയുടെ എണ്ണ ഇറക്കുമതി തന്ത്രം പ്രധാനമായും മൂന്ന് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്:
എണ്ണയുടെ ലഭ്യത.
ന്യായമായ വില.
വിതരണത്തിലെ വിശ്വാസ്യത.
ഉപരോധമില്ലാത്ത രാജ്യങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ മികച്ച ഗുണനിലവാരമുള്ള എണ്ണ വാങ്ങുന്ന രീതി തുടരും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയും സമിതി വിശദമായി ചര്‍ച്ച ചെയ്തു.
തരൂരിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അധ്യക്ഷനായ സമിതിയില്‍ 30 അംഗങ്ങളില്‍ 28 പേരും പങ്കെടുത്തു. മൂന്ന് മണിക്കൂറിലധികം നീണ്ട യോഗം വളരെ ഫലപ്രദമായിരുന്നുവെന്ന് തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കിയെന്നും കമ്മിറ്റികള്‍ക്ക് എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാം എന്നതിന്റെ ഉദാഹരണമായിരുന്നു ഈ യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-അമേരിക്ക ഇടക്കാല വ്യാപാര കരാര്‍, ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ എന്നിവയായിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. അമേരിക്കയുമായുള്ള കരാറിന് ഉടന്‍ അന്തിമ രൂപമാകുമെന്നാണ് സൂചന.
