ആലപ്പുഴ: കേരളത്തിലെ പ്രധാന വർഷകാല വിനോദമായ വള്ളംകളിയെ കൂടുതൽ ജനകീയമാക്കുന്നതിനാണ് ഐപിഎൽ മാതൃകയിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് ആവിഷ്ക്കരിച്ചത്.  വിനോദ സഞ്ചാര വകുപ്പിൻറെ നിയന്ത്രണത്തിലുള്ള കൺസോർഷ്യം ആണ് സംഘാടകർ. ഓഗസ്റ്റ് 10 മുതല്‍ നവംബര്‍ ഒന്നു വരെ   12 വേദികളിലായി, 12 മത്സരങ്ങളാണ് നടത്താനാണ് തീരുമാനം. ഇതിനുള്ള ക്ലബ്ബുകളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. 

ഈ ക്ലബ്ബുകളെ ഏറ്റെടുക്കുന്നതിനാണ് വിനോദ സഞ്ചാര വകുപ്പ് ലേലം സംഘടിപ്പിച്ചത്. രാജ്യത്തെ പ്രമുഖ ഫ്രാഞ്ചൈസികൾ ലേലത്തിൽ എത്തുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷയെങ്കിലും നാലു പേർ മാത്രമാണ് എത്തിയത്. ക്വാറം തികയാത്തതിനാൽ സംഘാടകർക്ക് ലേലം ഉപേക്ഷിക്കേണ്ടി വന്നു. ഒന്നരക്കോടി രൂപയായിരുന്നു ബോട്ട് ക്ലബ്ബുകളുടെ അടിസ്ഥാന വില. 

സംസ്ഥാനത്തെ പ്രധാന ബോട്ട് ക്ലബ്ബുകളായ പള്ളാത്തുരുത്തി, കൈനകരി, പോലീസ് ബോട്ട് ക്ലബ് അടക്കം ഒൻപതു ക്ലബ്ബുകളെയാണ് ടൂർണമെൻറിനായി തെരഞ്ഞെടുത്തത്. ഫ്രാഞ്ചൈസികളുടെ പിന്മാറ്റം മത്സരത്തെ ബാധിക്കില്ലെന്നാണ് സംഘടാകർ പറയുന്നത്. മത്സരനടത്തിപ്പിനായി നേരത്തെ തന്നെ സർക്കാർ ഇരുപതു കോടി രൂപ അനുവദിച്ചിട്ടുണ്ട്.