ഈ മാറ്റങ്ങള്‍, സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ ആശ്വാസകരമാകും.

പാല്‍, ചോക്ലേറ്റ്, വസ്ത്രങ്ങള്‍എന്നിവയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചേക്കാവുന്ന ചില നിര്‍ണായക മാറ്റങ്ങള്‍ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ തയ്യാറെടുക്കുന്നു. ജിഎസ്ടി 2.0 എന്ന് വിശേഷിപ്പിക്കാവുന്ന ഈ മാറ്റങ്ങള്‍, സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും ബിസിനസുകള്‍ക്കും ഒരുപോലെ ആശ്വാസകരമാകും. സെപ്റ്റംബര്‍ 3-4 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യും. നികുതി ഇല്ലാത്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളുമടങ്ങുന്ന ഒരു വിഭാഗം രൂപീകരിക്കുക, പുതിയ നികുത ഘടന സജ്ജമാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

നികുതി ഇല്ലാത്തവയുടെ പട്ടിക വിപുലീകരിക്കുന്നു

നികുതി രഹിത പട്ടിക വിപുലീകരിച്ച്, നിരവധി അവശ്യ ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്. പാല്‍, പാക്കറ്റിലാക്കിയ പനീര്‍, പിസ്സ ബ്രഡ്, ചപ്പാത്തി, റൊട്ടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ 5 ശതമാനം, 18 ശതമാനം നികുതി സ്ലാബുകളില്‍ നിന്ന് ഒഴിവാക്കിയേക്കാം. നേരത്തെ 18 ശതമാനം നികുതിയുണ്ടായിരുന്ന പറാത്ത, പൊറോട്ട എന്നിവയും ഈ പട്ടികയില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.

വിദ്യാഭ്യാസ മേഖലയ്ക്കും ആശ്വാസം

വിദ്യാഭ്യാസ മേഖലയിലെ സാധനങ്ങള്‍ക്കും വില കുറഞ്ഞേക്കും. ഭൂപടങ്ങള്‍, അറ്റ്‌ലസുകള്‍, ഗ്ലോബുകള്‍, അച്ചടിച്ച ചാര്‍ട്ടുകള്‍, പെന്‍സില്‍ ഷാര്‍പ്നറുകള്‍, പെന്‍സിലുകള്‍, എക്‌സര്‍സൈസ് ബുക്കുകള്‍, ഗ്രാഫ് ബുക്കുകള്‍, ലബോറട്ടറി നോട്ട്ബുക്കുകള്‍ എന്നിവ 12 ശതമാനം സ്ലാബില്‍ നിന്ന് ഒഴിവാക്കി നികുതി ഇല്ലാത്തവയാക്കി മാറ്റാന്‍ നിര്‍ദേശമുണ്ട്. ഇത് അംഗീകരിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാകും.

വില കുറയുന്ന മറ്റ് ഉത്പന്നങ്ങള്‍

പൊതുവെ വാങ്ങുന്ന പല ഭക്ഷ്യവസ്തുക്കളുടെയും ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. ബട്ടര്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, ജാം, കൂണ്‍, ഈന്തപ്പഴം, നട്‌സ്, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ കുടുംബങ്ങളുടെ ചെലവ് കുറയ്ക്കും. കൂടാതെ ബേക്കറി, മധുരപലഹാര നിര്‍മ്മാതാക്കള്‍, പാക്കേജ്ഡ് ഭക്ഷണ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കും ഗുണകരമാകും. കോക്കോ ചേര്‍ത്ത ചോക്ലേറ്റുകള്‍, ധാന്യങ്ങള്‍, പേസ്ട്രികള്‍, ഐസ്‌ക്രീം എന്നിവയുടെ നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചേക്കും. ഇത് പതിവായി ഉപയോഗിക്കുന്ന പലഹാരങ്ങള്‍, പ്രഭാതഭക്ഷണ സാധനങ്ങള്‍ എന്നിവയുടെ വില കുറയ്ക്കാന്‍ സഹായിക്കും.

ടെക്‌സ്‌റ്റൈല്‍സ്, വളം മേഖലകള്‍ക്ക് വലിയ ആശ്വാസം

തുണിത്തരങ്ങള്‍ക്കും വലിയ നികുതിയിളവ് പ്രതീക്ഷിക്കുന്നു. കോട്ടണ്‍, സിന്തറ്റിക് ഫൈബറുകള്‍, കമ്പിളി, വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കും. ഇത് കയറ്റുമതി കൂട്ടാനും ആഭ്യന്തര വിപണിയില്‍ വസ്ത്രങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കാനും സഹായിക്കും. കാര്‍ഷിക മേഖലയിലും ഇളവുകള്‍ പ്രതീക്ഷിക്കുന്നു. യൂറിയ, ഡൈഅമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി), മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് (എംഒപി), സിംഗിള്‍ സൂപ്പര്‍ ഫോസ്‌ഫേറ്റ് (എസ്എസ്പി), കോംപ്ലക്‌സ് വളങ്ങള്‍ എന്നിവയുടെ നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദേശമുണ്ട്. ഇത് കര്‍ഷകരുടെ ഉത്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

നികുതി നിരക്കുകള്‍ ഏകീകരിക്കുക, സ്ലാബുകളുടെ എണ്ണം കുറയ്ക്കുക, തരംതിരിക്കലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നിവയാണ് ഈ നിര്‍ദേശങ്ങളുടെ പ്രധാന ലക്ഷ്യം. ജിഎസ്ടി കൗണ്‍സിലിന്റെ സെപ്റ്റംബറിലെ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.