തുരങ്ക നിർമാണ മെഷീനുകൾ ഉൾപ്പെടെയുള്ള പ്രധാന യന്ത്രങ്ങളുടെ കയറ്റുമതിക്ക് ചൈന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നവംബർ 18 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം ഇന്ത്യയുടെ മെട്രോ, അതിവേഗ റെയിൽ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കാം. ദേശീയ സുരക്ഷ മുൻനിർത്തിയാണ് ചൈനയുടെ ഈ പുതിയ നീക്കം.
തുരങ്ക നിര്‍മാണ മെഷീനുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന യന്ത്രങ്ങളുടെ കയറ്റുമതിക്ക് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ചൈന. ഇത് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ പ്രതികൂലമായി ബാധിച്ചേക്കും. ദേശീയ സുരക്ഷയും താല്‍പര്യങ്ങളും സംരക്ഷിക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ 18 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. തുരങ്ക നിര്‍മാണ മെഷീനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കയറ്റുമതിയിലെ നിയന്ത്രണം ഇന്ത്യയിലെ നിരവധി പദ്ധതികളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഭൂഗര്‍ഭ മെട്രോ റെയില്‍ സംവിധാനങ്ങള്‍, അതിവേഗ റെയില്‍ പാതകള്‍, വിവിധ പ്രദേശങ്ങളിലെ തുരങ്ക നിര്‍മാണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതിര്‍ത്തി മേഖലകളിലെ തുരങ്ക നിര്‍മാണ പദ്ധതികളെയും നിയന്ത്രണം ബാധിച്ചേക്കാം.
തുരങ്ക നിര്‍മാണ മെഷീനുകള്‍ക്ക് നേരത്തെയും നിയന്ത്രണം
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള തുരങ്ക നിര്‍മാണ മെഷീനുകളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ ടണല്‍ ബോറിങ് മെഷീനുകള്‍ നിര്‍മിക്കുന്ന ഒരു ജര്‍മന്‍ കമ്പനിക്ക് അവ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ ചൈന അനുമതി നല്‍കാത്തത് നേരത്തെ വിവാദമായിരുന്നു. 2024ല്‍ ജര്‍മന്‍ വൈസ് ചാന്‍സലര്‍ റോബര്‍ട്ട് ഹാബെക്കുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
നിയന്ത്രണം ഈ യന്ത്രങ്ങള്‍ക്കും
തുരങ്ക നിര്‍മാണ മെഷീനുകള്‍ക്ക് പുറമേ വാക്കിങ് എക്സ്‌കവേറ്ററുകള്‍, വെറ്റ് ഷോട്ട്ക്രീറ്റ് മെഷീനുകള്‍ എന്നിവയും പുതിയ നിയന്ത്രണത്തിന്റെ പരിധിയില്‍ വരും. വ്യത്യസ്ത ഭൂപ്രകൃതികളിലൂടെ സഞ്ചരിച്ച് ഖനനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്ന യന്ത്രമാണ് വാക്കിങ് എക്സ്‌കവേറ്റര്‍. ഉപകരണങ്ങള്‍, ചക്രങ്ങള്‍ എന്നിവയുടെ സംയോജിത ചലനത്തിലൂടെയാണ് ഇത്തരം യന്ത്രങ്ങള്‍ ദുഷ്‌കരമായ ഭൂപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.
ഉയരമുള്ള പീഠഭൂമി പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നതാണ് വെറ്റ് ഷോട്ട്ക്രീറ്റ് മെഷീനുകള്‍. മിശ്രിതങ്ങള്‍ ഒരു നോസിലിലൂടെ പമ്പ് ചെയ്ത്, വായുവും വേഗത്തിലുറയ്ക്കുന്ന രാസവസ്തുക്കളും ചേര്‍ത്ത് പ്രതലങ്ങളില്‍ പൂശാന്‍ ഇത് സഹായിക്കുന്നു.സ്ലറി പമ്പുകള്‍, ഡ്രാഗ് ഹെഡുകള്‍, കട്ടര്‍ ഹെഡുകള്‍ എന്നിവയുടെ കയറ്റുമതിയിലും നിയന്ത്രണമുണ്ട്. നദികള്‍, തടാകങ്ങള്‍, കടലുകള്‍ എന്നിവയുടെ അടിത്തട്ടില്‍ നിന്ന് മണലും ചെളിയും മറ്റും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭാരമേറിയ പമ്പുകളാണിവ


