മുംബൈ: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് രാജ്യത്ത് അനുമതികള്‍ വൈകുന്നുവെന്ന് ആരോപണം. രാജ്യത്തെ ഗുണനിലവാരം ഉറപ്പാക്കുന്ന ബിഐഎസ് പോലുള്ള ഏജന്‍സികളുടെ അനുമതിയാണ് ഷവോമി പോലുള്ള കമ്പനികള്‍ക്ക് വൈകുന്നത് എന്നാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് ശേഷം ഇന്ത്യ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടുകളുടെ ഫലമാണ് പുതിയ സംഭവം എന്നാണ് സൂചന.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡിന്‍റെ വിവിധ അനുമതികള്‍ വൈകുന്നത് മൂലം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഷവോമി, ഓപ്പോ തുടങ്ങിയ കമ്പനികള്‍ക്ക് മൊബൈല്‍ അനുബന്ധ ഉപകരണങ്ങള്‍, ടെലിവിഷന്‍ എന്നിവ ആഴ്ചകളോളം വൈകിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിഷയത്തില്‍ ബിഐഎസ് ഡയറക്ടര്‍ പ്രമോദ് കുമാര്‍ തിവാരിയോ, ചൈനീസ് വാണിജ്യ വിദേശകാര്യ മന്ത്രാലയങ്ങളോ പ്രതികരിക്കാന്‍ തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്.

ഈ നിയന്ത്രണം ബാധിച്ചേന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന ഷവോമിയും, ഓപ്പോയും പ്രതികരണം നടത്തിയിട്ടില്ല. അതേ സമയം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് മേൽ കൂടുതൽ നിയന്ത്രണവുമായി കേന്ദ്രസർക്കാർ. കളിപ്പാട്ടങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും  ഇറക്കുമതിക്ക് ലൈസൻസ് നിര്‍ബന്ധമാക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

വ്യാപാര രംഗത്ത് സമ്മർദ്ദം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇറക്കുമതിക്ക് ലൈസൻസ് നിര്‍ബന്ധമാക്കാനും തീരുവ കൂട്ടാനുമാണ് നീക്കം. ഗൃഹോപകരണങ്ങൾക്ക് പുറമെ, ഏയര്‍ കണ്ടീഷണര്‍, തുകൽ, ചെരിപ്പുകൾ, വളം, പാക്കറ്റ് ഭക്ഷണം, സ്റ്റീൽ, അലുമിനീയം, ചെമ്പ്, തുണിത്തരങ്ങൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ടിവി, സിസിടിവി തുടങ്ങിയവ കൂടുതലും എത്തുന്നത് ചൈനയിൽ നിന്നാണ്.

വിയറ്റ്നാമിൽ നിന്ന് 3000 കോടി രൂപയുടെ ഇറക്കുമതി നടക്കുന്നുണ്ടെങ്കിലും അതും ചൈനയിൽ നിന്ന് വിയറ്റ്നാം വഴി എത്തുന്നവയാണ്. സര്‍ക്കാര്‍ ലൈസൻസ് നൽകിയില്ലെങ്കിൽ ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി നിൽക്കും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറക്കുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രം പറയുമ്പോഴും നീക്കം ചൈനക്കെതിരെ തന്നെയാണ്.