ഇറക്കുമതി ചെയ്ത സ്കോച്ച് കോൺസെൻട്രേറ്റുകളുടെ വില കുറച്ചുകാണിച്ച് കോടികളുടെ നികുതി വെട്ടിച്ചതായി പേര്‍ണോഡ് റിക്കാര്‍ഡിന് നേരെ ആരോപണം. രഹസ്യ കോഡുകൾ ഉപയോഗിച്ച് നടത്തിയ ഈ തട്ടിപ്പിന് 3000 കോടി രൂപയുടെ നികുതി കുടിശ്ശിക അടയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച കമ്പനി നിയമപോരാട്ടത്തിലാണ്.

ഷിവാസ് റീഗല്‍, അബ്‌സൊല്യൂട്ട് വോഡ്ക തുടങ്ങിയ പ്രമുഖ മദ്യ ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി പേര്‍ണോഡ് റിക്കാര്‍ഡിന് ഇന്ത്യയില്‍ വന്‍ നികുതി കുരുക്ക്. ഇറക്കുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെ യഥാര്‍ത്ഥ പഴക്കവും ചേരുവകളും മറച്ചുവെച്ച് കോടികളുടെ നികുതി വെട്ടിച്ചുവെന്നാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കുടിശ്ശികയായി 314 മില്യണ്‍ ഡോളര്‍ (ഏകദേശം 3000 കോടി രൂപ) അടയ്ക്കാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ വിഷയം വലിയൊരു നിയമപോരാട്ടത്തിലേക്ക് വഴിമാറിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോഡുകളില്‍ ഒളിപ്പിച്ച തട്ടിപ്പ്

സ്‌കോച്ച് കോണ്‍സെന്‍ട്രേറ്റുകളുടെ യഥാര്‍ത്ഥ വില 67.49 ശതമാനത്തോളം കുറച്ചുകാണിച്ചാണ് കമ്പനി നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ ഇത്തരം ഇറക്കുമതികള്‍ക്ക് 150 ശതമാനമാണ് നികുതി. കമ്പനിയുടെ ജനപ്രിയ ബ്രാന്‍ഡായ റോയല്‍ സ്റ്റാഗ് പോലുള്ളവ നിര്‍മ്മിക്കുന്നത് ഈ കോണ്‍സെന്‍ട്രേറ്റുകളില്‍ വെള്ളവും കാരമലും മറ്റ് ചേരുവകളും ചേര്‍ത്താണ്.

കസ്റ്റംസ് ഉദ്യോഗസ്ഥരെ കബളിപ്പിക്കാനും മറ്റ് കമ്പനികളുടെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കാനുമായി വിസ്‌കിക്ക് പ്രത്യേക രഹസ്യ കോഡുകള്‍ കമ്പനി ഉപയോഗിച്ചതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യഥാര്‍ത്ഥ ഉല്‍പ്പന്നം ഒന്നാണെങ്കിലും, ഇന്ത്യയ്ക്ക് വേണ്ടി മാത്രം ആര്‍.എഫ്.എം, എച്ച്.എം.ഡബ്ല്യു തുടങ്ങിയ പുതിയ കോഡുകളാണ് 2011 മുതല്‍ കമ്പനി ഉപയോഗിച്ചിരുന്നത്. ഇതിന്റെ യഥാര്‍ത്ഥ ചേരുവകള്‍ എന്താണെന്ന് വെളിപ്പെടുത്താനും കമ്പനി തയ്യാറായിരുന്നില്ല. യുകെയിലെ സബ്‌സിഡിയറി കമ്പനിയായ ഷിവാസ് ബ്രദേഴ്‌സില്‍ നിന്നാണ് ഈ സാധനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചത്. ഇതുവഴി ഉണ്ടാക്കിയ വന്‍ ലാഭം ഫ്രാന്‍സിലെ മാതൃകമ്പനിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

പിഴ വീണാല്‍ തുക 5000 കോടി കടക്കും

രേഖകള്‍ പ്രകാരം നിലവില്‍ 3000 കോടി രൂപയാണ് കമ്പനിയുടെ നികുതി ബാധ്യത. എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം പിഴ കൂടി ചേര്‍ത്താല്‍ ഈ തുക 600 മില്യണ്‍ ഡോളറിന് മുകളിലാകും. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനമായ 2.9 ബില്യണ്‍ ഡോളറിന്റെ അഞ്ചിലൊന്നാണിത്. മാത്രമല്ല, കമ്പനിയുടെ ലാഭത്തിന്റെ മൂന്നിരട്ടിയും വരും ഈ തുക.

പേര്‍ണോഡിന്റെ ഏറ്റവും വലിയ ആഗോള വിപണിയാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള അവരുടെ വില്‍പ്പനയുടെ 10 ശതമാനവും ഇവിടെ നിന്നാണ്. ദില്ലിയിലുള്ള മദ്യവില്പന വിലക്കും, മദ്യനയവുമായി ബന്ധപ്പെട്ട മറ്റ് നിയമക്കുരുക്കുകളും നേരിടുന്നതിനിടെയാണ് കമ്പനിക്ക് ഈ പുതിയ തിരിച്ചടിയും നേരിടേണ്ടി വന്നിരിക്കുന്നത്. എന്നിരുന്നാലും ഇന്ത്യയില്‍ 24 നിര്‍മ്മാണ ശാലകളുള്ള കമ്പനി, 2024-ല്‍ മഹാരാഷ്ട്രയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ട്ട് ഡിസ്റ്റിലറി തുടങ്ങാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

ആരോപണങ്ങള്‍ നിഷേധിച്ച് കമ്പനി

എന്നാല്‍ തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, പൂര്‍ണ്ണമായും നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് പേര്‍ണോഡ് ഇന്ത്യയുടെ വിശദീകരണം. തങ്ങള്‍ക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച പൂര്‍ണ്ണമായ ഇറക്കുമതി ഡാറ്റ തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും കമ്പനി വാദിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഡസന്‍ കണക്കിന് മറ്റ് കമ്പനികളെ ഒഴിവാക്കി, ഉയര്‍ന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന അലൈഡ് ബ്ലെന്‍ഡേഴ്സ് ആന്‍ഡ് ഡിസ്റ്റിലേഴ്സുമായി മാത്രമാണ് ഉദ്യോഗസ്ഥര്‍ താരതമ്യം ചെയ്തത്. എബിഡിയേക്കാള്‍ ശരാശരി 15 മടങ്ങ് കൂടുതലാണ് തങ്ങളുടെ ഇറക്കുമതിയെന്നും ഇത് തെറ്റായ താരതമ്യമാണെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

2014-ല്‍ ആരംഭിച്ച ഈ നികുതി തര്‍ക്കത്തില്‍ 2025 സെപ്റ്റംബറിലാണ് അന്തിമ നികുതി നോട്ടീസ് നല്‍കിയത്. ഇത്രയും വലിയ കാലതാമസം തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങളെ സാരമായി ബാധിച്ചുവെന്നും കമ്പനി അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു. അതേസമയം, കമ്പനിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും സമാന രീതിയില്‍ ഇറക്കുമതി ചെയ്യുന്ന എബിഡിയെ മാത്രമാണ് താരതമ്യപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. വോക്‌സ്വാഗണ്‍ ഉള്‍പ്പെടെയുള്ള പല വിദേശ കമ്പനികള്‍ക്കും ഇന്ത്യയിലെ ഇത്തരം നീണ്ട നികുതി തര്‍ക്കങ്ങള്‍ മുന്‍പും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.