ലണ്ടന്‍: ഓണ്‍ലൈന്‍ വിപണിയിലെ വിലക്കുറവ് മഹാമേളകള്‍ ഉപയോക്താക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. മൊബൈലടക്കമുള്ളവയാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിക്ക് പ്രിയമെങ്കില്‍ യുകെ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ മദ്യത്തിനാണ് വലിയ ഡിമാന്‍ഡ്. വിലക്കുറവ് തന്നെയാണ് അവിടെയും ആകര്‍ഷണഘടകം. ക്രിസ്മസ് പ്രമാണിച്ച് ആമസോണ്‍.യുകെ അടക്കമുള്ള ഓണ്‍ലൈന്‍ വിപണിയിലെ വിലക്കുറവ് ആരേയും അമ്പരപ്പിക്കുന്നതാണ്.

യുകെ ആമസോണ്‍ 44 ശതമാനം വരെ മദ്യത്തിന് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീമിയം ബ്രാന്‍ഡുകള്‍ക്കാണ് പ്രധാനമായും വിലക്കുറവ്. ക്രിസ്മസിന് മദ്യം ഗിഫ്റ്റ് നല്‍കാന്‍ ആഗ്രഹിക്കുന്നവരെ ആമസോണ്‍ പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്. മദ്യ ഗിഫ്റ്റ് പാക്കറ്റുകള്‍ക്കും വലിയ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ ഒമ്പതിന് ആരംഭിച്ച ക്രിസ്മസ് ഗിഫ്റ്റ് ഓഫര്‍ ഇരുപത്തിരണ്ടാം തിയതിയാണ് അവസാനിക്കുക. മദ്യമടക്കം ഇരുന്നൂറിലധികം ഉല്‍പന്നങ്ങള്‍ക്കാണ് ആമസോണ്‍.യുകെ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുകെ ആമസോണ്‍ സൈറ്റില്‍ കയറി സെര്‍ച്ച് ബാറില്‍ ബിയര്‍ വൈന്‍ ആന്‍ഡ് സ്പിരിറ്റ് എന്ന് ടൈപ്പ് ചെയ്താല്‍ മദ്യവില്‍പ്പനയുടെ മൊത്തം വിവരങ്ങളും ലഭ്യമാകും.