ദില്ലി: വൻ വികസനത്തിനൊരുങ്ങി സിറ്റി ബാങ്ക് ഇൻകോർപറേറ്റഡ്. ഏഷ്യയിലെമ്പാടും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആറായിരം യുവാക്കൾക്ക് ജോലി കൊടുക്കുമെന്നാണ് പ്രഖ്യാപനം. 24 വയസിന് താഴെയുള്ള 60000 പേർക്ക് ട്രെയിനിങ് നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യയിലെ വരുമാനം കുറഞ്ഞ സമൂഹങ്ങൾക്ക് ഉപകാരപ്പെടുന്ന വിധം 35 ദശലക്ഷം ഡോളർ 2023 നുള്ളിൽ നിക്ഷേപിക്കാനാണ് ബാങ്കിന്റെ തീരുമാനം. ഏഷ്യാ-പസഫിക് മേഖലയിലാണ് ലോകത്തിലെ പാതിയോളം യുവാക്കളും ഉള്ളത്. ഏതാണ്ട് 70 കോടിയോളം വരുമിത്. ഇത്ര തന്നെ വലിപ്പമുണ്ട് മേഖലയിൽ തൊഴിലില്ലാതെ കഷ്ടപ്പെടുന്നവരുടെ എണ്ണത്തിനും.

നോർത്ത് അമേരിക്ക കഴിഞ്ഞാൽ ഏഷ്യാ-പസഫിക് മേഖലയിലാണ് കമ്പനിക്ക് ഏറ്റവും കൂടുതൽ വരുമാനമുള്ളത്. ബാങ്കിന്റെ 25 ശതമാനം വേതനവും ഈ മേഖലയിൽ നിന്നാണ്. ഓഹരി വിപണി മുതൽ സാധാരണ ബാങ്കിങ് ഇടപാട് വരെയുള്ള സേവനങ്ങളാണ് മൂന്ന് വർഷത്തിനുള്ളിൽ ഈ മേഖലയിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്. 

ഏഷ്യാ-പസഫിക് മേഖലയിലെമ്പാടും റിക്രൂട്ട്മെന്റ് നടത്തുമെങ്കിലും ദക്ഷിണ പൂർവ ഏഷ്യയിലാവും ജോലി നൽകുകയെന്നാണ് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.