ദില്ലി: മാർച്ച് മാസത്തെ ഉപഭോക്തൃ പണപ്പെരുപ്പം 5.91 ശതമാനമായി കുറഞ്ഞു. പക്ഷേ, ചില്ലറ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ലക്ഷ്യമായ നാല് ശതമാനത്തേക്കാൾ മോശമായി തുടരുകയാണ്. പ്രധാനമായും ധനകാര്യ നയം രൂപീകരിക്കുന്നതിനായി ആർ‌ബി‌ഐ പരി​ഗണിക്കുന്നത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പമാണ്. 

മാർച്ചിൽ ഉപഭോക്തൃ പണപ്പെരുപ്പം 5.93 ശതമാനമാകുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ സാമ്പത്തിക വിദഗ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചില്ലറ പണപ്പെരുപ്പം - അല്ലെങ്കിൽ ഉപഭോക്തൃ വില സൂചിക (സിപിഐ) നിർണ്ണയിച്ച ഉപഭോക്തൃ വിലയിലെ വർധന നിരക്ക് 2020 ഫെബ്രുവരിയിൽ 6.58 ശതമാനമായിരുന്നു കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 2.86 ശതമാനവും.

കൊവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് പണപ്പെരുപ്പം കണക്കാക്കുന്നതിനുള്ള വിവരങ്ങൾ 2020 മാർച്ച് 19 വരെ മാത്രമാണ് ശേഖരിച്ചതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ‌എസ്‌ഒ) അറിയിച്ചു.