മുംബൈ: കൊറോണ വൈറസ് ബാധ ഇന്ത്യയുടെ പഞ്ഞി കയറ്റുമതി രംഗത്തെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ചൈനയിലേക്ക് കയറ്റി അയക്കാന്‍ തയ്യാറാക്കിയ രണ്ടര ലക്ഷം ഭാണ്ഡം പഞ്ഞിയാണ് ഇപ്പോള്‍ കയറ്റി അയക്കാന്‍ സാധിക്കാതെയിരിക്കുന്നത്. കയറ്റുമതി തടസ്സപ്പെട്ടത് ആഭ്യന്തര വിപണിക്ക് തിരിച്ചടിയാവുകും. വില ഉയരാനാണ് സാധ്യത. പഞ്ഞി കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പഞ്ഞി വാങ്ങി സംഭരിക്കാൻ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ബന്ധിതരാവും. സര്‍ക്കാര്‍ നിശ്ചയിച്ച തറവിലയേക്കാള്‍ മുകളിൽ ആഭ്യന്തര വിപണി വില നിലനിര്‍ത്താനാണ് ശ്രമിക്കുക.

ചൈനയില്‍ അവധി ദിവസങ്ങള്‍ നീട്ടിയതിനാലാണ് കയറ്റുമതി തടസ്സപ്പെട്ടത്.  കൊറോണ വൈറസ് വ്യാപകമായി പ്രചരിച്ചതോടെ ഇവിടെയുള്ള ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ കാല്‍ ലക്ഷത്തോളം പേരെ രോഗം ബാധിച്ചെന്നും 500 ഓളം പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. ചൈനയിലേക്ക് ആറര ലക്ഷം ഭാണ്ഡം പഞ്ഞി കയറ്റി അയക്കാനാണ് ഇന്ത്യന്‍ കമ്പനികള്‍ കരാറൊപ്പിട്ടിരിക്കുന്നത്. ഇതില്‍ നാല് ലക്ഷത്തോളം ഭാണ്ഡം ഇതിനോടകം കയറ്റി അയച്ചു. ശേഷിച്ച രണ്ടര ലക്ഷം ആണ് അയക്കാൻ സാധിക്കാതെ കെട്ടിക്കിടക്കുന്നത്.

ചൈനീസ് കമ്പനികള്‍ ഇതുവരെ കരാറുകള്‍ വേണ്ടെന്ന് വച്ചിട്ടില്ല. അതേസമയം അവധി വരാനിരിക്കുന്ന ആഴ്ചകളിലും തുടരുമെന്നാണ് നിഗമനം. ഇത് ഇന്ത്യയിലെ കയറ്റുമതിക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്. ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കാണ്. ഇന്ത്യയില്‍ നിന്ന് പഞ്ഞി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഈവിപണി വര്‍ഷത്തില്‍ 20 ലക്ഷം ഭാണ്ഡം പഞ്ഞി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിട്ടുണ്ട്.