ഇന്ത്യയിലെ കോർപ്പറേറ്റ് ഗിഫ്റ്റിംഗ് മേഖല വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. ദീപാവലി പോലുള്ള ആഘോഷങ്ങൾക്ക് പുറമെ ജന്മദിനങ്ങൾ, വർക്ക് ആനിവേഴ്സറികൾ എന്നിവയ്ക്കും വ്യക്തിഗതമായ സമ്മാനങ്ങൾ നൽകാൻ കമ്പനികൾ മുൻഗണന നൽകുന്നു.

ചില കോർപ്പറേറ്റ് കമ്പനികളിൽ ജീവനക്കാരുടെ വർക്ക് ആനിവേഴ്സറിക്ക് വിപണിയിൽ നിന്ന് ഇഷ്ടമുള്ള ബ്രാൻഡഡ് ലാപ്ടോപ്പ് ബാഗ് തെരഞ്ഞെടുക്കാൻ ജീവനക്കാർക്ക് അവസരം ലഭിക്കുന്നു...അധ്യാപക ദിനത്തിൽ അധ്യാപകർക്കായി ഉച്ചഭക്ഷണം ഒരുക്കുന്നു... ജന്മദിനത്തിൽ പല കോർപ്പറേറ്റ് കമ്പനികളിലും ചെടിയും സാരിയും ഷർട്ടുമെല്ലാം സമ്മാനം..

കേൾക്കുമ്പോൾ വളരെ നിസാരമെന്ന് തോന്നാമെങ്കിലും, വലിയ കോർപ്പറേറ്റ് ഗിഫ്റ്റുകളുടെ ലോകത്ത് ഇവ ജീവനക്കാരുടെ മനസിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. മുൻപ് ദീപാവലി അല്ലെങ്കിൽ വർഷാവസാന ബോണസുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കോർപ്പറേറ്റ് സമ്മാന രീതികളിൽ ഇന്ത്യയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആഘോഷവേളകളിൽ മാത്രം എന്തെങ്കിലും നൽകുന്നതിന് പകരം, വർഷം മുഴുവൻ ജീവനക്കാരെ ഓർക്കുന്നുവെന്നും അവരെ കമ്പനി ചേർത്തുപിടിക്കുന്നുവെന്നും തോന്നലുണ്ടാക്കുന്ന രീതിയിലേക്ക് തൊഴിലുടമകൾ മാറുകയാണ്.

ഇന്ത്യയിലെ മൊത്തം ഗിഫ്റ്റിംഗ് വിപണി ഏകദേശം 2.5 ലക്ഷം കോടി രൂപയുടേതാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ കോർപ്പറേറ്റ് ഗിഫ്റ്റിംഗ് മേഖല മാത്രം 12,000 കോടി രൂപ കൈയാളുന്നു. പ്രമുഖ ഗിഫ്റ്റിംഗ് പ്ലാറ്റ്‌ഫോമായ 'ഐജിപി' നൽകുന്ന വിവരമനുസരിച്ച്, അവരുടെ കോർപ്പറേറ്റ് ഓർഡറുകളിൽ 35 ശതമാനം മാത്രമാണ് ദീപാവലി സമയത്ത് ലഭിക്കുന്നത്. ബാക്കി 65 ശതമാനം ഓർഡറുകളും ജന്മദിനങ്ങൾ, കമ്പനിയിലെ പ്രവർത്തന വാർഷികങ്ങൾ, പ്രൊമോഷനുകൾ, മറ്റ് വ്യക്തിഗത നേട്ടങ്ങൾ എന്നിവയ്ക്കായി വർഷത്തിൽ വിവിധ സമയങ്ങളിലായിട്ടാണ് എത്തുന്നത്.

പഠനങ്ങൾ പ്രകാരം 80 ശതമാനം സ്ഥാപനങ്ങളും സമ്മാനങ്ങൾ ജീവനക്കാരുമായുള്ള ബന്ധം ദൃഢമാക്കുമെന്ന് വിശ്വസിക്കുന്നു. കമ്പനികൾ നൽകുന്ന ആകെ സമ്മാനങ്ങളിൽ 32 ശതമാനം ദീപാവലി പോലുള്ള ആഘോഷങ്ങൾക്കാണെങ്കിൽ, 26 ശതമാനം പുതിയ ജീവനക്കാരെ സ്വീകരിക്കുന്നതിനും (Onboarding) 19 ശതമാനം പ്രവർത്തന വാർഷികങ്ങൾക്കുമാണ് നൽകുന്നത്.

എല്ലാവർക്കും ഒരേ പോലെയുള്ള മധുരപലഹാരങ്ങളോ ഡ്രൈ ഫ്രൂട്ട്സ് ബോക്സുകളോ നൽകുന്ന പരമ്പരാഗത രീതികൾ കമ്പനികൾ ഉപേക്ഷിച്ചു തുടങ്ങി. പകരം ലൈഫ് സ്റ്റൈൽ ഉൽപ്പന്നങ്ങൾ, വെൽനസ് കിറ്റുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവയ്ക്കാണ് ഇപ്പോൾ മുൻഗണന. ജീവനക്കാർക്ക് തങ്ങൾക്ക് ആവശ്യമുള്ള സമ്മാനങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നത് അവരിൽ വലിയ സന്തോഷവും കമ്പനിയോടുള്ള ബന്ധവും വർദ്ധിപ്പിക്കുന്നുവെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, എല്ലാ ജീവനക്കാർക്കും ഒരേ ആഴ്ചയിൽ ഒരേപോലെയുള്ള പെട്ടി നൽകുന്നത് കമ്പനി കലണ്ടർ ഓർക്കുന്നു എന്നതിന്റെ സൂചന മാത്രമാണെന്നാണ് എച്ച്ആർ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. മറിച്ച്, ഒരു സാധാരണ ദിവസം ഒരു ജീവനക്കാരൻ ചെയ്ത പ്രത്യേക കാര്യത്തെ അഭിനന്ദിച്ച് നൽകുന്ന സമ്മാനമാണ് അവരുടെ അധ്വാനം കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്ന സന്ദേശം നൽകുന്നത്. കുറഞ്ഞ ശമ്പളത്തിനോ മോശം മാനേജ്‌മെന്റിനോ കരിയർ വളർച്ചയില്ലായ്മയ്ക്കോ പകരമാകാൻ ഇത്തരം സമ്മാനങ്ങൾക്ക് കഴിയില്ലെങ്കിലും, ശരിയായ വർക്ക് കൾച്ചറിനൊപ്പം നൽകുന്ന ഇത്തരം ഓർമ്മപ്പെടുത്തലുകൾ ജീവനക്കാരെ കമ്പനിയോട് ദീർഘകാലം ചേർത്തുനിർത്താൻ സഹായിക്കും.