Asianet News MalayalamAsianet News Malayalam

രാജ്യത്ത് വാക്സീൻ ഇറക്കുമതി കൂട്ടാൻ ആലോചന, ഇറക്കുമതി തീരുവ എടുത്തുകളഞ്ഞേക്കും

നിലവിൽ വാക്സീനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാൽ ജിഎസ്‍ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരുവ മൊത്തത്തിൽ 16.5 ശതമാനമായി ഉയരും. ഈ സാഹചര്യത്തിലാണ് വാക്സീനുകളുടെ ഇറക്കുമതി തീരുവ എടുത്ത് കളയാൻ ആലോചിക്കുന്നത്. 

covid 19 govt mulls duty relief for imported vaccines in india
Author
New Delhi, First Published Apr 15, 2021, 7:57 AM IST

ദില്ലി: രാജ്യത്ത് വാക്സീൻ ഇറക്കുമതി തീരുവ എടുത്ത് കളഞ്ഞേക്കും. വാക്സീൻ ഇറക്കുമതി ഊർജിതമാക്കി പരമാവധി പേരെ വാക്സിനേറ്റ് ചെയ്യുന്നതിന്‍റെ ഭാഗമായിട്ടാണിത്. നിലവിൽ വാക്സീനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാൽ ജിഎസ്‍ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരുവ മൊത്തത്തിൽ 16.5 ശതമാനമായി ഉയരും. ഈ സാഹചര്യത്തിലാണ് വാക്സീനുകളുടെ ഇറക്കുമതി തീരുവ എടുത്ത് കളയാൻ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ ഇറക്കുമതി ചെയ്ത വാക്സീനുകളുടെ വില കുറയുന്നതിന് സഹായകമാകും. 

ഇറക്കുമതിയുടെ നടപടിക്രമങ്ങൾ സുഗമമാക്കാനും, ഏതെങ്കിലും തരത്തിൽ ഇറക്കുമതി തീരുവയിൽ കുറവ് വരുത്തുകയോ എടുത്തുകളയുകയോ ചെയ്യാനും ആലോചനയുണ്ടെന്ന് കേന്ദ്ര വാണിജ്യ, ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നതായി എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക മാർഗരേഖ ഉടൻ പുറത്തിറങ്ങിയേക്കും. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വാക്സീനുകളുടെ ഇറക്കുമതി രൂപരേഖ പരിശോധിച്ച് വരികയാണെന്നും, അതിന് ശേഷം തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോ‍ർട്ട്. 

അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്റർമാരും ലോകാരോഗ്യസംഘടനയും അംഗീകരിച്ച വാക്സിനുകളെല്ലാം രാജ്യത്ത് ഉപയോഗിക്കാൻ കേന്ദ്രസർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. നിലവിൽ ആസ്ട്രാസെനകയുടെ കൊവിഷീൽഡും, ഭാരത് ബയോടെക്കിന്‍റെ കൊവാക്സിനുമാണ് രാജ്യത്തെ വാക്സീനേഷൻ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്നത്. 

45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഘട്ടമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. എന്നാൽ എല്ലാ പ്രായത്തിലുള്ളവർക്കും കൊവിഡ് വ്യാപകമായി കണ്ടെത്തുന്നതും രോഗത്തിന്‍റെ രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്നതുമാണ് വാക്സീനേഷൻ കൂട്ടാൻ കേന്ദ്രസർക്കാരിനെ ചിന്തിപ്പിക്കുന്ന ഘടകം. എല്ലാ പ്രായക്കാർക്കും വ്യാപകമായി വാക്സിനേഷൻ നൽകുന്നത് വഴി മരണനിരക്ക് കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. 

വാക്സീൻ ക്ഷാമത്തിൽ വലയുകയാണ് രാജ്യത്തെ പല സംസ്ഥാനങ്ങളുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ആന്‍റിവൈറൽ മരുന്ന് ക്ഷാമവും മിക്ക സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കുന്നു. കേരളം തന്നെ രണ്ടരലക്ഷം ഡോസ് വാക്സീൻ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വാക്സീനുകൾക്കും അനുമതി നൽകാൻ രാജ്യമൊരുങ്ങുമ്പോൾ, മാസ് വാക്സിനേഷൻ ഡ്രൈവുകളുടെ ആവശ്യകതയുമേറുന്നു. ഈ സാഹചര്യത്തിൽ അടിയന്തരമായി വാക്സീനുകളെത്തിച്ചേ തീരൂ കേന്ദ്രസർക്കാരിന്. 

രാജ്യത്ത് ഇന്ന് പ്രതിദിന കൊവിഡ് ബാധ രണ്ട് ലക്ഷത്തിന് അടുത്തെത്താനാണ് സാധ്യത. പ്രതിദിനനിരക്ക് ഇന്നലെ ഒരു ലക്ഷത്തി എൺപത്തിനാലായിരം കടന്നിരുന്നു. തുടർച്ചയായ ഒരാഴ്ചയായി ഒന്നര ലക്ഷത്തിലേറെയാണ് രോഗബാധിതരുടെ എണ്ണം. പ്രതിദിന മരണ നിരക്ക് ഇന്നലെ ആയിരം പിന്നിട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios