ദില്ലി: പുകയില ഉൽപ്പന്നങ്ങൾക്ക് മേൽ പ്രത്യേക കൊവിഡ് സെസ് ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു. പൊതുജനാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന സംഘങ്ങളാണ് കേന്ദ്രസർക്കാരിന് മുന്നിൽ ഈ ആവശ്യം വച്ചിരിക്കുന്നത്. ഇതിലൂടെ കൊവിഡ് പ്രതിരോധ നടപടികൾക്ക് അരലക്ഷം കോടി അധിക വരുമാനം കണ്ടെത്താനാവുമെന്നാണ് വിലയിരുത്തുന്നത്.

സിഗററ്റ്, ബീഡി, പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് കൊവിഡ് സെസ് ഏർപ്പെടുത്തിയാൽ 49,740 കോടി വരെ നേടാനാവും. കൊവിഡുമായി താരതമ്യം ചെയ്യുമ്പോൾ പുകവലി കൂടുതൽ സാരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. അതിനാൽ തന്നെ നികുതി വർധനവിലൂടെ ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാൻ സാധിക്കുമെന്നും കരുതപ്പെടുന്നു. 

ഓരോ ബീഡിക്കും സിഗററ്റിനും മറ്റ് പുകയില ഉൽപ്പന്നങ്ങൾക്കും ഒരു രൂപ കൊവിഡ് സെസ് ഏഞപ്പെടുത്തിയാൽ തന്നെ നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തൽ. പുകയില ഉൽപ്പന്നത്തിന്റെ വിലയുടെ 75 ശതമാനം വരെ നികുതി ചുമത്താമെന്നാണ് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നത്. ഇന്ത്യയിൽ സിഗററ്റിന്റെ വിലയിൽ 49.5 ശതമാനമാണ് നികുതി. ബീഡിക്ക് 22 ശതമാനവും പുക ഇല്ലാത്ത പുകയില ഉൽപ്പന്നങ്ങളുടെ മേലുള്ള നികുതി 63.7 ശതമാനവുമാണ്. രാജ്യത്ത് സിഗറ്റ് വലിക്കുന്നവരുടെ രണ്ട് മടങ്ങോളമാണ് ബീഡി വലിക്കുന്നവരുടെ എണ്ണം.