ചെമ്മീൻ കൃഷിക്ക് ആവശ്യമായ തീറ്റ പ്രധാനമായും തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്.

കൊച്ചി: കൊവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്തെ ചെമ്മീൻ കൃഷിക്ക് 308 കോടി രൂപയുടെ നഷ്ടം. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനത്തിലാണ് ചെമ്മീൻ ഉൽപാദനം ഗണ്യമായി കുറഞ്ഞത് കണ്ടെത്തിയത്. കേരളത്തിൽ ലോക്ഡൗൺ കാലയളവിൽ ചെമ്മീൻ ഉൽപാദനം 500 ടൺ വരെ കുറഞ്ഞു.

ചെമ്മീൻ കൃഷിക്ക് ആവശ്യമായ തീറ്റ പ്രധാനമായും തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. ഇത് ലഭിക്കുന്നതിൽ കൊവിഡ് കാലത്ത് ബുദ്ധിമുട്ട് നേരിട്ടു. തൊഴിലാളികളെയും കിട്ടാത്ത സ്ഥിതിയുണ്ടായി. ഇതോടെ കൃഷിയിൽ 30 ശതമാനം കുറവുണ്ടായി. ചെമ്മീൻ കൃഷിക്കായി കുളമൊരുക്കൽ പൂർത്തീകരിച്ച ശേഷം, വിത്തും തീറ്റയും ലഭിക്കാത്തത് കൊണ്ട് 50 ശതമാനം കർഷകരാണ് സംസ്ഥാനത്ത് കൃഷിയിൽ നിന്ന് പിന്തിരിഞ്ഞത്.

രോഗവ്യാപനം ഭയന്ന് കൃഷി തുടങ്ങിയ മിക്കവരും ചെമ്മീൻ പൂർണ വളർച്ചയെത്തുന്നിതിന് മുമ്പ് വിളവെടുപ്പ് നടത്തിയതും നഷ്ടത്തിന്റെ തോത് വർധിപ്പിച്ചു. ചെറിയ വലിപ്പത്തിലുള്ള ചെമ്മീൻ കുറഞ്ഞവിലയ്ക്കാണ് കർഷകർ വിറ്റത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അക്വാ-ലബോറട്ടറികളുടെയും വിദഗ്ധരുടെയും സേവനം ലോക്ഡൗൺ കാലത്ത് ലഭിച്ചിരുന്നില്ല. കാലാവധി തികയുന്നതിന് മുമ്പായി വിളവെടുക്കാൻ ഇത് കർഷകരെ പ്രേരിപ്പിച്ചു. 80 ദിവസം വേണ്ടിടത്ത്, 25 ശതമാനം കർഷകരും 30 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്തി. 15 ശതമാനം കർഷകർ 30-80 ദിവസങ്ങൾക്കുള്ളിൽ വിളവെടുത്തപ്പോൾ കേവലം 10 ശതമാനം കർഷകരാണ് 80 ദിവസം കൃഷി കാലാവധി പൂർത്തിയാക്കിയത്.