ബെംഗളൂരു: രാജ്യത്തെ രണ്ട് ലക്ഷത്തിലേറെ വരുന്ന കൊവിഡ് രോഗികളിൽ വെറും നാല് ശതമാനം പേർ മാത്രമേ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷക്ക് അപേക്ഷിച്ചുള്ളൂവെന്ന് റിപ്പോർട്ട്. 8500 പേർ മാത്രമാണ് ഇതുവരെ ഇൻഷുറൻസ് പരിരക്ഷ ആവശ്യപ്പെട്ടത്. ഇതിന്റെ ആകെ മൂല്യം 135 കോടി മാത്രം. ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.17 ലക്ഷം കടന്നിരിക്കുകയാണ്. അതായത് ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട നാല് ശതമാനം പേർ മാത്രമാണ് ഇതുവരെ ആരോഗ്യ പരിരക്ഷയ്ക്ക് അപേക്ഷിച്ചതെന്ന് വ്യക്തം.

ഇതുവരെ 6088 പേർ കൊവിഡ് ബാധിച്ച് മരിച്ചെങ്കിലും ജീവൻ രക്ഷാ പരിരക്ഷയുടെ തുക ആവശ്യപ്പെട്ടത് നൂറ് പേരുടെ ആശ്രിതർ മാത്രമാണ്. അതായത് വെറും രണ്ട് ശതമാനത്തിൽ താഴെ മാത്രം. 

ഇൻഷുറൻസ് ക്ലെയിം ആവശ്യപ്പെട്ടതിൽ 60 ശതമാനം പേരും മഹാരാഷ്ട്ര സംസ്ഥാനത്ത് നിന്നാണ്. ദില്ലിയിൽ നിന്നുള്ള 15 ശതമാനം പേരും തമിഴ്‌നാടുകാരായ 10.4 ശതമാനം പേരും പശ്ചിമ ബംഗാൾ സ്വദേശികളായ 5.4 ശതമാനം പേരും ഗുജറാത്ത് സ്വദേശിയായ 3.4 ശതമാവം പേരുമാണ് അപേക്ഷിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അപേക്ഷകരാണ് അവശേഷിക്കുന്ന 5.8 ശതമാനം പേർ.