ദില്ലി: കൊവിഡ് കാലം ഇന്ത്യയുടെ ഉപഭോഗ രീതികളിലും മാറ്റം വരുത്തിയതായി വിലയിരുത്തൽ. ചെലവ് ചുരുക്കുന്ന കാര്യത്തിൽ ശ്രദ്ധ നിലനിർത്തിക്കൊണ്ട് തന്നെ ബ്രാന്റഡ് ഉൽപ്പന്നങ്ങളിലേക്ക് ഇന്ത്യൻ ഉപഭോക്താക്കൾ ശ്രദ്ധ പതിപ്പിക്കുന്നതായാണ് വിലയിരുത്തൽ. സ്വദേശി സംസ്കാരവും വളർന്നു വരുന്നുണ്ട്.

കെപിഎംജി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിലെ ഉപഭോക്തൃ ശീലങ്ങളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച റിപ്പോർട്ടിലാണ് ഇതുള്ളത്. ഇന്ത്യൻ ഉപഭോക്താക്കളിൽ തദ്ദേശീയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള ആഗ്രഹം കൂടി വരുന്നുണ്ട്. എല്ലാ പ്രായക്കാർക്കിടയിലെലും 60 ശതമാനത്തോളം പേർ വിദേശ ബ്രാന്റുകളേക്കാൾ കൂടുതൽ തദ്ദേശീയ ബ്രാന്റുകളിൽ താത്പര്യമുണ്ടെന്ന് അറിയിച്ചു. 41 ശതമാനം പേർ പ്രീമിയം ഉൽപ്പന്നങ്ങളിൽ താത്പര്യമുള്ളവരാണ്.

കൊവിഡ് കാലത്ത് ശമ്പളത്തിൽ പത്ത് ശതമാനത്തോളം ഇടിവുണ്ടായതോടെ ഇന്ത്യൻ ഉപഭോക്താക്കളിൽ 85 ശതമാനവും സമ്പാദ്യ കാര്യത്തിൽ ശ്രദ്ധാലുക്കളാണെന്ന് റിപ്പോർട്ട് പറയുന്നു. എക്സ് തലമുറയിൽ (37-53 പ്രായക്കാർ) 78 ശതമാനവും മില്ലേനിയൽസിൽ (17-36 വയസ്) 70 ശതമാനവും അവരുടെ സാമ്പത്തിക കാര്യത്തിൽ ശ്രദ്ധാലുക്കളാണെന്നാണ് വിലയിരുത്തൽ.

ഉപഭോക്താക്കളിൽ 33 ശതമാനം പേർ മാത്രമേ വ്യക്തിവിവരങ്ങൾ പങ്കുവെക്കാൻ താത്പര്യപ്പെടുന്നുള്ളൂ. 45 ശതമാനം തങ്ങളുടെ വ്യക്തി വിവരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടുകാരാണ്. മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കളിൽ 40 ശതമാനം പേരും മെട്രോ ഇതര നഗരങ്ങളിലെ 30 ശതമാനം പേരും ഡാറ്റ പോളിസി തങ്ങളുടെ വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നതായി പറഞ്ഞിട്ടുണ്ട്.

രാജ്യത്തെ 50 ശതമാനം ഉപഭോക്താക്കളും ഡിജിറ്റൽ പേമെന്റ് ഉപയോഗിക്കുന്നതിൽ സംതൃപ്തി രേഖപ്പെടുത്തുന്നു. എന്നാൽ ആഗോള തലത്തിൽ ഇത് വെറും 22 ശതമാനമാണ്. തങ്ങളുടെ വിശ്വാസത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുന്ന ബ്രാന്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനാണ് 84 ശതമാനം പേരും ആഗ്രഹിക്കുന്നത്. ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിലയായാലും നൽകാൻ തയ്യാറാകുന്നവരാണ് 94 ശതമാനം പേർ.