തിരുവനന്തപുരം: സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാത്ത റിയൽ എസ്റ്റേറ്റ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ പുതിയ കെട്ടിടനിർമാണച്ചട്ടത്തിലെ ഭേദഗതിയെന്ന് കെട്ടിടനിർമ്മാതാക്കളുടെ സംഘടനയായ ക്രെഡായ്. ഭൂമി ലഭ്യത കുറയ്ക്കുകയും ഫ്ലാറ്റുകളുടെ വില ഉയർത്തുകയും ചെയ്യുന്നതാണ് പുതിയ തീരുമാനമെന്ന് കെട്ടിടനിർമ്മാതാക്കൾ ആരോപിക്കുന്നു

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന കെട്ടിടനിർമ്മാണ ചട്ടത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്. പഴയ ചട്ടം അനുസരിച്ച് സ്ലാബ് ഒന്നിൽ 8000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പാർപ്പിടസമുച്ഛയത്തിന്  മുന്നിൽ അഞ്ച് മീറ്റർ വീതിയിലുള്ള റോഡും സ്ലാബ് രണ്ടിൽ 18000 ചതുരശ്രമീറ്ററിന് ആറ് മീറ്റർ വീതിയിലെ റോഡും സ്ലാബ് മൂന്നിൽ 24000 ചതുരശ്രമീറ്ററിന് ഏഴ് മീറ്റർ റോഡും മതിയായിരുന്നു. 

റോഡിന് ആറ് മീറ്റർ വീതി എന്ന രണ്ടാം സ്ലാബ് എടുത്തുകളഞ്ഞുകൊണ്ടാണ് പുതിയ ഭേദഗതി വന്നിട്ടുള്ളത്. ഇതനുസരിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് മുന്നിലൂടെ ഏഴു മീറ്റർ റോഡ് ഉണ്ടെങ്കിലേ 8,000 മുതൽ  24,000 വരെ ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിര്‍മാണം സാധ്യമാകൂ. അല്ലെങ്കില്‍ 8,000 ചതുരശ്ര മീറ്ററിന് താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും. നിർമ്മാണമേഖലയിൽ പ്രതിസന്ധിയുണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്ന് ക്രെഡായ് ആരോപിക്കുന്നു. വിജ്ഞാപനത്തിൽ ഇളവുകളാവശ്യപ്പെട്ട് ക്രെഡായ് സംഘം മുഖ്യമന്ത്രിയേയും സമീപിച്ചിട്ടുണ്ട്.