ഹുയി കാ യാനെ വീട്ടുതടങ്കലില്‍ ആക്കിയത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിലവിലുള്ള സ്ഥലത്ത് നിന്ന് മറ്റിടങ്ങളിലേക്ക് പോകാനോ ആരുമായി സംവദിക്കാനോ ഹുയി കാ യാന് അനുമതിയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്

ബീജിംഗ് : ചൈനീസ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എവർഗ്രാൻഡേയുടെ ചെയർമാൻ പൊലീസ് കസ്റ്റഡിയിലെന്ന് ബ്ലൂംബർഗിന്റെ റിപ്പോർട്ട്. എവര്‍ഗ്രാന്‍ഡേ ചെയര്‍മാന്‍ ഹുയി കാ യാന്‍ ഈ മാസം ആദ്യത്തോടെ ചൈനീസ് പൊലീസിന്റെ കസ്റ്റഡിയിലായതായാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ചൈനീസ് പൊലീസ് ഹുയി കാ യാനെ വീട്ടുതടങ്കലില്‍ ആക്കിയത് എന്തിനാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിലവിലുള്ള സ്ഥലത്ത് നിന്ന് മറ്റിടങ്ങളിലേക്ക് പോകാനോ ആരുമായി സംവദിക്കാനോ ഹുയി കാ യാന് അനുമതിയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഇതോടെ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തുമെന്ന അഭ്യൂഹത്തിന് ശക്തി കൂടി. 300 ബില്യനാണ് എവർഗ്രാൻഡേയുടെ കടം. നേരത്തെ പാപ്പരായെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി എവർഗ്രാൻഡ കോടതിയെ സമീപിച്ചിരുന്നു. പാപ്പരായതിനാല്‍ സംരക്ഷണം വേണമെന്ന ആവശ്യവുമായാണ് കമ്പനിയെത്തിയത്. അമേരിക്കയില്‍ നിന്നല്ലാത്ത കമ്പനികള്‍ക്ക് സംരക്ഷണം നല്‍കുന്ന യുഎസ് ബാങ്ക്റപ്റ്റന്‍സി കോഡിലെ 15ാം വകുപ്പ് അനുസരിച്ചാണ് എവർഗ്രാൻഡയുടെ വാദം. കമ്പനിയുടെ അമേരിക്കയിലെ സ്വത്ത് പിടിച്ചെടുത്ത് നഷ്ടം നികത്തണമെന്ന കടക്കാരുടെ ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് എവർഗ്രാൻഡ പാപ്പരായെന്ന വാദവുമായി എത്തിയത്.

എവർഗ്രാൻഡയുടെ സഹോദര സ്ഥാപനമായ ടിയാന്‍ജി ഹോള്‍ഡിംഗ്സ്, സീനറി ജേര്‍ണി എന്നീ സ്ഥാപനങ്ങളും സമാനമായ സംരക്ഷണം ആവശ്യപ്പെട്ട് മാന്‍ഹാട്ടന്‍ കോടതിയെ സമീപിച്ചത്. 300 ബില്യൺ ഡോളർ ബാധ്യതയാണ് എവർഗ്രാൻഡ കമ്പനിക്കുള്ളത്. ചൈനീസ് സർക്കാരിന്റെ പുതിയ നയത്തെ തുടർന്നാണ് എവര്‍ഗ്രാന്‍ഡ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്. കമ്പനിയുടെ ബാധ്യതകൾ തീർക്കാൻ സകലതും വിറ്റു പെറുക്കിയതോടെ ചൈനയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും എവർഗ്രാൻഡ ഗ്രൂപ്പിന്റെ ചെയർമാനുമായ ഹുയി കാ യാന്റെ സമ്പത്തിന്റെ 93 ശതമാനവും നഷ്ടപ്പെട്ടിരുന്നു.

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ചോയില്‍ 1996 ല്‍ ഹുയി കാ യാന്‍ സ്ഥാപിച്ച കമ്പനിയാണ് എവര്‍ഗ്രാന്‍ഡെ. നിർമ്മാണ മേഖലയിലെ സാധ്യതകളെ ഉപയോഗിക്കാൻ കമ്പനിക്ക് ആയിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളിൽ ഒന്നാകാൻ എവര്‍ഗ്രാന്‍ഡെയ്ക്കായി. എന്നാൽ വലിയ തുകകൾ വായ്പ എടുക്കുന്ന കുത്തക കമ്പനികളെ നിയന്ത്രിക്കാൻ ചെനീസ് സർക്കാർ പുതിയ നയം കൊണ്ടുവന്നതോടു കൂടി എവര്‍ഗ്രാന്‍ഡ ബാധ്യതകൾ തീർക്കാൻ ബുദ്ധിമുട്ടി. 300 ബില്യൺ ഡോളർ അതായത് 22 ലക്ഷം കോടിയിലേറെയാണ് എവര്‍ഗ്രാന്‍ഡെ കമ്പനിയുടെ ബാങ്ക് വായ്പ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം