മുംബൈ: ഒക്ടോബര്‍ മാസത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ഇത് തുടര്‍ച്ചയായ ഏഴാം മാസമാണ് ക്രൂഡ് ഇറക്കുമതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ജൂലൈയ്ക്ക് ശേഷമുളള ഏറ്റവും ഉയർന്ന ഇടിവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.

രാജ്യത്തെ കൊവിഡ് രോഗവ്യാപനം കുറയാതെ നില്‍ക്കുന്നതും, പെട്രോളിയം ഉപഭോഗത്തിലുണ്ടാകുന്ന കുറവുമാണ് ഇറക്കുമതി കുറയാന്‍ കാരണം. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലത്തിന്റെ കീഴിലുളള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലാണ് (പിപിഎസി) വിവരങ്ങള്‍ പുറത്തുവിട്ടത്. 

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി മുന്‍ വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച 21.6 ശതമാനം ഇടിവോടെ 15.14 മില്യണ്‍ ടണ്ണായി മാറി (3.58 ദിനംപ്രതി മില്യണ്‍ ബാരല്‍).

”വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കാരണം, ടയർ രണ്ട്, ടയർ മൂന്ന് നഗരങ്ങളിലെ യാത്രകൾ ഇപ്പോഴും ഒഴിവാക്കപ്പെടുന്നു, കൂടാതെ വിമാന സർവീസുകൾ പൂർണ്ണതോതിൽ പുന:സ്ഥാപിക്കാത്തതും ഉപഭോ​ഗം കുറയാനിടയാക്കുന്നു, ”മുംബൈയിലെ നിർമ്മൽ ബാംഗ് കമ്മോഡിറ്റീസിലെ ഗവേഷണ മേധാവി കുനാൽ ഷാ പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

എണ്ണ ഉൽപന്നങ്ങളുടെ ഇറക്കുമതി ഒക്ടോബറിൽ 53 ശതമാനം ഇടിഞ്ഞ് 1.65 ദശലക്ഷം ടണ്ണായി.

ശുദ്ധീകരിച്ച ഉൽപന്നങ്ങളുടെ കയറ്റുമതി ഒക്ടോബറിൽ 35.7 ശതമാനം ഇടിഞ്ഞ് 3.84 ദശലക്ഷം ടണ്ണായി. സെപ്റ്റംബറിലെ 4.80 ദശലക്ഷം ടണ്ണിൽ നിന്ന് 20 ശതമാനമാണ് കുറഞ്ഞത്.