ദില്ലി: ആഗോള ക്രൂഡ് ഓയിൽ വില തുടർച്ചയായ മൂന്നാമത്തെ ആഴ്ചയും വർധനവ് രേഖപ്പെടുത്തി. വിജയകരമായ രീതിയിൽ COVID-19 വാക്സിൻ പരീക്ഷണങ്ങൾ മുന്നേറുന്നതായ സൂചനകളാണ് ക്രൂഡ് വിപണിക്ക് ആത്മവിശ്വാസം നൽകിയത്. 

കൊറോണ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനായി നിരവധി രാജ്യങ്ങളിൽ ലോക്ക്ഡൗണുകൾ ഏർപ്പെടുത്തിയത് ക്രൂഡ് വിപണിയിൽ ഇടയ്ക്ക് സമ്മർദ്ദം വർധിക്കാനും ഇടയാക്കി. ബ്രെൻറ് ക്രൂഡ് ഓയിൽ ഫ്യൂച്ചറുകൾ ആഴ്ചയിൽ ബാരലിന് 44.96 യുഎസ് ഡോളറിന് വ്യാപാരം അവസാനിച്ചു. ജനുവരി കരാറിലെ യുഎസ് ക്രൂഡ് ഫ്യൂച്ചേഴ്സ് ആഴ്ചയിൽ ബാരലിന് 42.42 യുഎസ് ഡോളറിലേക്ക് മുന്നേറി. രണ്ട് ബെഞ്ച്മാർക്കുകളും ഈ ആഴ്ച ഏകദേശം അഞ്ച് ശതമാനം നേട്ടം കൈവരിച്ചു.
 
പെട്രോളിയ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മ, റഷ്യ, മറ്റ് ഉൽപാദകർ എന്നിവർ ക്രൂഡ് ഉൽപാദനം നിയന്ത്രിക്കുമെന്ന പ്രതീക്ഷ വിപണിയിൽ നിലനിന്നത് ക്രൂഡ് നിരക്കിനെ ഇടിയാതെ പിടിച്ചുനിർത്തി. ഒപെക് പ്ലസ് ഗ്രൂപ്പ് ആസൂത്രിതമായ ഉൽപാദന വർദ്ധനവ് വൈകിപ്പിക്കുമെന്ന് വിപണി പ്രതീക്ഷിച്ചിരുന്നു.
 
നവംബർ 30 നും ഡിസംബർ ഒന്നിനും ഒപെക് രാജ്യങ്ങൾ യോ​ഗം ചേരാനിരിക്കുകയാണ്. ജനുവരി മുതൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും ഉൽപ്പാദനത്തിലെ നിയന്ത്രണങ്ങൾ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.