Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു; ഇവിടെ എണ്ണവില കുറക്കാതെ കമ്പനികള്‍

കഴിഞ്ഞ മാര്‍ച്ചില്‍ 139 ഡോളര്‍ വരെയെത്തിയ ക്രൂഡ് ഓയില്‍ വില 84 ഡോളറായി താഴ്ന്നു.

crude oil price reduce in international market
Author
First Published Sep 27, 2022, 12:50 PM IST

കൊച്ചി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ മാര്‍ച്ചില്‍ 139 ഡോളര്‍ വരെയെത്തിയ ക്രൂഡ് ഓയില്‍ വില 84 ഡോളറായി താഴ്ന്നു. കഴിഞ്ഞ ഏതാനും ആഴ്ചകള്‍കൊണ്ട് 12 ഡോളറിന്‍റെ കുറവാണ് ഉണ്ടായത്. എന്നാല്‍,  ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന് ആനുപാതികമായി പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍  എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. 

അമേരിക്കയിലെ ഉയര്‍ന്ന നാണ്യപ്പെരുപ്പം നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതും ലോക സാമ്പത്തിക മേഖലയിലുണ്ടാക്കിയ അനിശ്ചിതത്വവുമാണ് എണ്ണവില താഴാന്‍ കാരണം. മാന്ദ്യ ഭീതിയില്‍ എണ്ണയുടെ ഉപഭോഗം കുറഞ്ഞേക്കുമെന്ന വിലയിരുത്തലിലാണ് വില കുറയുന്നത്.  എന്നാല്‍ എണ്ണവില കുറയുന്നുവെങ്കിലും രാജ്യത്ത്  പെട്രോള്‍,  ഡീസല്‍ വില ആനുപാതികമായി കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായിട്ടില്ല. ലിറ്ററിന് 10 രൂപയെങ്കിലും കുറക്കാന്‍ ഇപ്പോള്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു . പക്ഷെ കമ്പനികള്‍ അതിനു തയ്യാറായിട്ടില്ല. 

വിനിമയ വിപണിയില്‍ രൂപ ദുര്‍ബലമായതും ഡോളറിന്‍റെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് വില കുറക്കാത്തതിനു കാരണമായി കമ്പനികള്‍ പറയുന്നത്. ഡോളര്‍ 82 രൂപയിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചിലവ് കൂടുകയാണെന്നതാണ് എണ്ണക്കമ്പനികളുടെ പ്രധാന ന്യായം. കൂടാതെ മുന്‍കാലങ്ങളിലെ നഷ്ടം നികത്താന്‍ ഇപ്പോഴത്തെ ലാഭം ഉപയോഗിക്കുകയാണെന്നും ഇപ്പോള്‍ ഇന്ധന വില കുറച്ചാല്‍ തിരിച്ചടിയാകുമെന്നുമാണ് കമ്പനികളുടെ  വിലയിരുത്തല്‍.  

ഐഒസിക്കും എച്ച്പിസിഎല്ലിനും ബിപിസിഎല്ലിനുമായി ഈ വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍  18480 കോടി രൂപ നഷ്ടമുണ്ടായെന്നാണ്  കണക്ക്. പാചക വാതകവില്‍പ്പനയുടെ നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും 20000 കോടി രൂപ ലഭിക്കാനുണ്ട്. ആ സാഹചര്യത്തില്‍ ഇന്ധന വില കുറച്ച് ഇപ്പോഴത്തെ നേട്ടം ഇല്ലാതാക്കാന്‍ എണ്ണക്കമ്പനികള്‍ ഒരുക്കമല്ല.  കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ മാത്രമേ എണ്ണക്കമ്പനികള്‍ വിലകുറയ്ക്കൂ.  പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധന വില കുറക്കാത്തതിനാല്‍ റിലയന്‍സടക്കമുള്ള സ്വകാര്യ കമ്പനികളും ഇന്ധന വില കുറച്ചില്ല. ഫലത്തില്‍  വലിയ നേട്ടമാണ് സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോഴുള്ളത്. 

Follow Us:
Download App:
  • android
  • ios