റിയാദ്: ആഗോളതലത്തിൽ എണ്ണവില കുത്തനെ കൂടി. സൗദി അറേബ്യയിലെ ആരാംകോയിൽ എണ്ണ ഉൽപാദന കേന്ദ്രത്തിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് ഇന്ധനവില ഉയരുന്നത്. അസംസ്കൃത എണ്ണവില 20 ശതമാനം വർധിച്ചു. ബാരലിന് 70 ഡോളർ വരെ ‌എത്തി. 80 ഡോളർ വരെ വില വർധിക്കാനാണ് സാധ്യത. 28 വർഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്.

ഹൂതികളുടെ ഡ്രോണ്‍ ആക്രമണത്തിൽ തീപിടിത്തമുണ്ടായതോടെ സൗദിയിലെ പ്രധാന എണ്ണക്കമ്പനിയായ അരാംകോ എണ്ണ ഉത്പാദനം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സൗദിയിലെ എണ്ണ ഉത്പാദനം പകുതിയായി കുറഞ്ഞതും വിലകൂടിയതും ഇന്ത്യയെയും സാരമായി ബാധിക്കും. ദിവസേന 50 ലക്ഷം ബാരൽ എണ്ണ പമ്പു ചെയ്യാൻ ശേഷിയുള്ള 1200 കിലോമീറ്റർ നീളമുള്ള പ്രധാന പൈപ്പ്‍ലൈനിനു നേരെയായിരുന്നു ആക്രമണം. ഇതിലൂടെയുള്ള എണ്ണ പംമ്പിങ് താൽകാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ദിവസേന ഏഴു ദശലക്ഷം ബാരൽ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്‍റിനുണ്ട്. അപകടത്തോടെ ഇത് അഞ്ചു ദശലക്ഷം ബാരലായി കുറയും. ഇതിനെത്തുടർന്നാണ് സൗദിയുടെ എണ്ണ ഉത്പാദനം പകുതിയോളം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചത്. അരാംകോയുടെ അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്‍റിൽ നിന്നുള്ള എണ്ണ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.