പഹല്‍ഗാമിലെ മാരകമായ ഭീകരാക്രമണം ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടേയും പരസ്പര സഹകരണം

ട്രംപ് കുടുംബത്തിന്‍റെ പിന്തുണയുള്ള യുഎസ് ആസ്ഥാനമായുള്ള ക്രിപ്റ്റോ സ്ഥാപനമായ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍, പാകിസ്ഥാനില്‍ ബ്ലോക്ക്ചെയിന്‍ നവീകരണവും ക്രിപ്റ്റോകറന്‍സി സംയോജനവും ത്വരിതപ്പെടുത്തുന്നതിനുള്ള ഒരു കരാറില്‍ ഒപ്പുവച്ചു. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലും പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലും ആണ് കരാറില്‍ ഒപ്പുവച്ചത്. പഹല്‍ഗാമിലെ മാരകമായ ഭീകരാക്രമണം ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ സംഘര്‍ഷം സൃഷ്ടിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളുടേയും പരസ്പര സഹകരണം. പാകിസ്ഥാനില്‍ ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ വികസിപ്പിക്കല്‍, സ്റ്റേബിള്‍കോയിന്‍, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കരാര്‍. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ക്രിപ്റ്റോ വിപണികളില്‍ ഒന്നായി മാറ്റാനുള്ള ഒരു പ്രധാന ചുവടുവയ്പ്പായാണ് കരാറാണെന്നാണ് പാകിസ്ഥാന്‍റെ നിലപാട്.

ഇസ്ലാമാബാദില്‍ നടന്ന ഔപചാരിക ഒപ്പുവെക്കല്‍ ചടങ്ങിന് പാക് സര്‍ക്കാരിന്‍റെ പി്ന്തുണ ഉണ്ടായിരുന്നു, പരിപാടിയില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അതാ തരാര്‍, പിസിസി ചീഫ് എക്സിക്യൂട്ടീവ് ബിലാല്‍ ബിന്‍ സയീദ്, വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ സഹ-ചെയര്‍മാന്‍ സാക്ക് വെറ്റ്കോഫ് എന്നിവര്‍ പങ്കെടുത്തു . കൂടാതെ, യുഎസ് പ്രതിനിധി സംഘം പാകിസ്ഥാന്‍ പ്രധാനമന്ത്രി, സൈനിക മേധാവി, ഉപപ്രധാനമന്ത്രി, ഇന്‍ഫര്‍മേഷന്‍, പ്രതിരോധ മന്ത്രിമാര്‍ എന്നിവരെയും കണ്ടു.

വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലും ട്രംപും

കഴിഞ്ഞ വര്‍ഷം ആരംഭിച്ച വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന സംരംഭത്തിന്‍റെ ഏകദേശം 60 ശതമാനം നിയന്ത്രിക്കുന്നത് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കമ്പനിയാണ്. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ഏകദേശം 60% ഡിടി മാര്‍ക്ക്സ് ഡിഇഎഫ്ഐ എല്‍എല്‍സി എന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലാണ്, കൂടാതെ നാണയ വില്‍പ്പനയില്‍ നിന്നുള്ള ചില വരുമാനത്തിന്‍റെ 75% ഇവര്‍ക്ക് അവകാശപ്പെട്ടതുമാണ്. പ്രസിഡന്‍റ് ട്രംപ് 'ചീഫ് ക്രിപ്റ്റോ അഡ്വക്കേറ്റ്' ആയി സേവനമനുഷ്ഠിക്കുന്നു, അതേസമയം മക്കളായ എറിക്കും ഡൊണാള്‍ഡ് ജൂനിയറും 'വെബ്3 അംബാസഡര്‍' എന്ന പദവി വഹിക്കുന്നു, ഇളയ മകന്‍ ബാരണിനെ 'ഡെഫൈ വിഷനറി' എന്ന പദവിയിലാണ് അവരോധിച്ചിരിക്കുന്നത്.

വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ്

ട്രംപിന്‍റെ നയ പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്‍റെ ക്രിപ്റ്റോ ബിസിനസ് താല്‍പ്പര്യങ്ങളും സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രസിഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ ട്രംപ് മായ്ച്ചുകളഞ്ഞെന്നും, സ്വകാര്യ സംരംഭത്തിനും സര്‍ക്കാര്‍ നയത്തിനും ഇടയിലുള്ള അതിര്‍ത്തി ഇല്ലാതാക്കിയെന്നും ന്യൂയോര്‍ക്ക് ടൈംസ് കുറ്റപ്പെടുത്തി.