Asianet News MalayalamAsianet News Malayalam

ഈ ബാങ്കിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല; കടുത്ത നടപടിയുമായി ആർബിഐ

ആർബിഐ ചില നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയതിനാൽ ബാങ്കിന് പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ഉപഭോക്താക്കൾക്ക് പണം വിതരണം ചെയ്യാനോ കഴിയില്ല. 

Customers of this bank cannot withdraw money from their accounts after RBI direction
Author
First Published Apr 12, 2024, 8:51 AM IST

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെ ഷിർപൂർ മർച്ചൻ്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയില്ല. ആർബിഐ ചില നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയതിനാൽ ബാങ്കിന് പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ ഉപഭോക്താക്കൾക്ക് പണം വിതരണം ചെയ്യാനോ കഴിയില്ല. 

2024 ഏപ്രിൽ 8 മുതൽ ഈ നിർദേശം ആർബിഐ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. അതേസമയം ആർബിഐയുടെ ഈ നടപടി ബാങ്കിംഗ് ലൈസൻസ് റദ്ദാക്കലല്ല, പകരം, ബാങ്കിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് പ്രവർത്തനങ്ങൾ ആർബിഐ ഏറ്റെടുത്തതാണെന്ന് ഇത് സംബന്ധിച്ച് ആർബിഐ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് റിസർവ് ബാങ്ക് ഈ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തുന്നത് പരിഗണിക്കും എന്നാണ് സൂചന. 

നിലവിൽ ഉപഭോക്താക്കളെ സേവിംഗ്സ് അക്കൗണ്ടുകളിലോ കറൻ്റ് അക്കൗണ്ടുകളിലോ മറ്റേതെങ്കിലും അക്കൗണ്ടുകളിലോ ഉള്ള മൊത്തം ബാലൻസിൽനിന്ന് ഒരു തുകയും പിൻവലിക്കാൻ അനുവദിക്കില്ല, എന്നാൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്ക് വിധേയമായി ഡെപ്പോസിറ്റുകളിൽ നിന്ന് വായ്പ എടുക്കാൻ അനുവദിക്കും. യോഗ്യരായ നിക്ഷേപകർക്ക്, ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷനിൽ നിന്ന്, നിക്ഷേപങ്ങളുടെ പണ പരിധിയായ 5,00,000 രൂപ വരെയുള്ള നിക്ഷേപ ഇൻഷുറൻസ് ക്ലെയിം തുക സ്വീകരിക്കാൻ അർഹതയുണ്ട്. 

ഒരു സഹകരണ ബാങ്കിന് ആർബിഐ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇത് ആദ്യ സംഭവമല്ല. 2021-ൽ അഴിമതി ബാധിതമായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര ബാങ്കിന് ആർബിഐ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 2022 ജനുവരിയിൽ, പിഎംസി ബാങ്കിനെ യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിൽ ലയിപ്പിക്കുന്നതിന് കേന്ദ്രം അംഗീകാരം നൽകി.
 

Follow Us:
Download App:
  • android
  • ios