ദയ ആശുപത്രിയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള 500 കോടിയിലധികം രൂപയുടെ വികസന പദ്ധതിയുടെ ആദ്യ ഘട്ടമാണ്‌ നിക്ഷേപം.

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ രണ്ട് പതിറ്റാണ്ടിന് മുകളിലായി പ്രവർത്തിക്കുന്ന ദയ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ബെംഗലൂരു ആസ്ഥാനമായ അസെന്റ് ക്യാപിറ്റലിൽ (Ascent Capital) നിന്നും 150 കോടി രൂപയുടെ ഇൻസ്റ്റിട്യൂഷണൽ ഇക്വിറ്റി സമാഹരണം നടത്തി.

ഇത്‌ ദയ ആശുപത്രിയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള 500 കോടിയിലധികം രൂപയുടെ വികസന പദ്ധതിയുടെ ആദ്യ ഘട്ടമാണ്‌. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിലവിലെ 500 ബെഡുകള്‍ 1500 ആയി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കാനും, പുതിയ ആശുപത്രികള്‍ ആരംഭിക്കാനും, നിലവിലുള്ള ആശുപത്രികള്‍ വികസിപ്പിക്കാനും, ക്വാട്ടേണറി കെയര്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നതായി ദയ ആശുപത്രി അധികൃതർ പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷത്തെ വികസന പദ്ധതികള്‍:

  • 2026-ഓടെ തൃശ്ശൂരില്‍ മെഡിക്കല്‍, സര്‍ജിക്കല്‍, റേഡിയേഷന്‍ ഓങ്കോളജി സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ സമഗ്ര ഓങ്കോളജി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കും.
  • അടുത്ത രണ്ട്‌ വര്‍ഷത്തിനുള്ളില്‍ തൃശ്ശൂരിന്‌ സമീപമുള്ള ജില്ലകളില്‍ രണ്ട്‌ പുതിയ ആശുപത്രികള്‍ ആരംഭിച്ച്‌ ഗുണമേന്മയുള്ള ചികിത്സ കൂടുതല്‍ ഇടത്തെത്തിക്കും.
  • തൃശൂരിലെ നിലവിലുള്ള ആശുപത്രി കൂടുതല്‍ ബെഡുകളും വിഭാഗങ്ങളും നവീന സൗകര്യങ്ങളും ചേര്‍ത്ത്‌, സമ്പൂര്‍ണ്ണ ക്വാട്ടേണറി കെയര്‍ ആശുപത്രിയായി ഉയര്‍ത്തും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍, ദയയിലെ ജീവനക്കാരുടെ എണ്ണം നിലവിലെ 1500ല്‍ നിന്ന്‌ 4500 ആയി ഉയരും. നിലവില്‍ വിജയകരമായി കിഡ്നി ട്രാന്‍സ്പ്ലാന്റ്‌ നടത്തുന്ന ദയ, ഭാവിയില്‍ കരള്‍, ശ്വാസകോശം, ഹൃദയം എന്നീ ട്രാന്‍സ്പ്ലാന്റ്‌ സേവനങ്ങളും ആരംഭിക്കും.
  • അതോടൊപ്പം, രോഗികള്‍ക്ക്‌ കൂടുതല്‍ കൃത്യതയോടും സുരക്ഷയോടും കൂടിയ ചികിത്സ ഉറപ്പാക്കുന്നതിന്‌ പ്രിസിഷന്‍ സര്‍ജറികള്‍ (Precision Surgeries) മേഖലയില്‍ ദയ പ്രത്യേക ഊന്നല്‍ നല്‍കും.

“ഞങ്ങളുടെ പുതിയ ഫണ്ടിന്റെ ആരംഭം, ഇന്ത്യയിലെ ഏറ്റവും വിജയകരമായ സംരംഭകരെയും വിവിധ മേഖലകളിലെ നേതാക്കളെയും പിന്തുണച്ച്‌ മുന്നേറിയ അസെന്റ്‌ കാപിറ്റലിന്റെ ഇരുപത്‌ വര്‍ഷത്തിലേറെ പഴക്കമുള്ള യാത്രയിലെ പുതിയൊരു അധ്യായമാണ്‌. ഈ ഫണ്ടില്‍ നിന്നുള്ള ആദ്യ നിക്ഷേപമായി ദയ ആശുപത്രിയെ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ വലിയ അഭിമാനമുണ്ട്‌. ഡോ. വി.കെ. അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍, ദയ സംരംഭക ആത്മാര്‍ഥത, സമൂഹത്തിന്റെ വിശ്വാസം, മെഡിക്കല്‍ മികവ്‌, മൂലധന കാര്യക്ഷമത എന്നിവ ഒത്തുചേര്‍ത്ത്‌ മികച്ചൊരു ആരോഗ്യസ്ഥാപനമായി വളര്‍ന്നു. ഈ ശക്തമായ അടിത്തറയെ അടിസ്ഥാനമാക്കി, ദയ ഇപ്പോള്‍ തന്റെ സാന്നിധ്യം വിപുലീകരിച്ച്‌, ഗുണമേന്മയുള്ള ചികിത്സ പിന്നാക്ക പ്രദേശങ്ങളിലെത്തിക്കുകയും, രോഗി പരിചരണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യാന്‍ ഒരുങ്ങുകയാണ്‌. ദയയെ മേഖലയിലെ മുന്‍നിര ആരോഗ്യസ്ഥാപനങ്ങളിലൊന്നാക്കി ഉയര്‍ത്താന്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.” - അസെന്റ്‌ കാപിറ്റലിന്റെ എം.ഡി.യും സി.ഇ.ഒ.യുമായ രാജകുമാര്‍ പറഞ്ഞു.

“ഒരു കൂട്ടം ഡോക്ടര്‍മാരും പ്രൊഫഷണലുകളും ചേര്‍ന്നാണ്‌ ദയയെ മുനോട്ട്‌ നയിക്കുന്നത്‌. ഒരു ഡോക്ടര്‍ എന്ന നിലയില്‍, ഏറ്റവും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനും, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, താങ്ങാനാവുന്ന നിരക്കില്‍ മികച്ച ചികിത്സ നല്‍കുന്നതിനും ഞാന്‍ എപ്പോഴും ഊന്നൽ നല്‍കിയിരുന്നു. ഞങ്ങളുടെ എല്ലാ ആശുപത്രികളിലും ഉയര്‍ന്ന നിലവാരമുള്ള ചികിത്സ ഉറപ്പാക്കുക എന്നതാണ്‌ ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഈ നിക്ഷേപം, അവയവ മാറ്റ ശസ്ത്രക്രിയകള്‍, ഓങ്കോളജി പരിചരണം, ഇന്റര്‍വെന്‍ഷണല്‍ ചികിത്സകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ട്‌ വിവിധ ഇടങ്ങളില്‍ ക്വാട്ടേര്‍ണറി കെയര്‍ സെന്ററുകള്‍ വികസിപ്പിക്കാന്‍ ഞങ്ങളെ സഹായിക്കും. ഞങ്ങളുടെ ജീവനക്കാരാണ്‌ ഈ വളര്‍ച്ചയുടെ പ്രധാന ശക്തി. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 3000-ത്തിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ്‌ ഞങ്ങള്‍ ലക്ഷ്യമിടുന്നത്‌.” – ദയ ഗ്രൂപ്പ്‌ ഓഫ്‌ ഹോസ്പിറ്റല്‍സിന്റെ മാനേജിംഗ്‌ ഡയറക്ടറും ജനറല്‍ സര്‍ജറി, ലാപ്രോസ്‌കോപ്പിക്‌ വിഭാഗം മേധാവിയുമായ ഡോ. വി. കെ. അബ്ദുള്‍ അസീസ്‌ പറഞ്ഞു.