ദില്ലി: ഉത്തര്‍പ്രദേശ് കേഡറില്‍ നിന്നുള്ള 1987 ബാച്ചിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ദെബാശിഷ് പാണ്ഡയെ പുതിയ ഫിനാന്‍സ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ഫിനാന്‍സ് സെക്രട്ടറി രാജീവ് കുമാര്‍ ഫെബ്രുവരി 29ന് വിരമിക്കും. 

ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലൂടെയാണ് രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.  വളര്‍ച്ചാനിരക്ക് ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളും വിഫലമാവുകയാണുണ്ടായത്. പലിശനിരക്കുകള്‍ വെട്ടിക്കുറച്ച് വിപണിയില്‍ പണലഭ്യത ഉയര്‍ത്താന്‍ റിസര്‍വ്വ് ബാങ്ക് സ്വാകരിച്ച നടപടിയും ഫലം കണ്ടില്ല. 

രാജ്യത്തിന്റെ സാമ്പത്തിക രംഗം സുരക്ഷിതമാണെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥിതി താറുമാറായതായി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അവസരത്തില്‍ ദെബാശിഷ് പാണ്ഡയുടെ നിയമനം ഏറെ പ്രധാനപ്പെട്ടതാണ്.