Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിൽക്കാൻ കോടതിയുടെ 'പച്ചക്കൊടി'; അഴിമതി ആരോപിച്ച ബിജെപി നേതാവിന്റെ ഹർജി തള്ളി

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പാട്ടീൽ, ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജനുവരി നാലിന് കേസിൽ വാദം കേട്ടിരുന്നു

Delhi HC rejects Subrahmanian Swamy case against Air India sale to Tata
Author
Delhi, First Published Jan 6, 2022, 3:28 PM IST

ദില്ലി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരായ ബിജെപി നേതാവിന്റെ ഹർജി തള്ളി. സുബ്രഹ്മണ്യം സ്വാമി വിൽപ്പനയ്ക്ക് എതിരെ ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇന്ന് ഡിവിഷൻ ബെഞ്ച് തള്ളിയത്. എയർ ഇന്ത്യ ഓഹരി വില്പന നിയമവിരുദ്ധവും അഴിമതിയും ജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധവുമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വാദം.

ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡിഎൻ പാട്ടീൽ, ജ്യോതി സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജനുവരി നാലിന് കേസിൽ വാദം കേട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ വിധി. വിശദമായ കോടതി ഉത്തരവ് വൈകാതെ പുറത്ത് വരും. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തത്.

ഇടപാടിൽ വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വാദം. ഓഹരി വിറ്റഴിക്കലിനെ പൂർണമായും എതിർക്കുന്നില്ലെന്നും എന്നാൽ എയർ ഇന്ത്യ - ടാറ്റ ഡീലിൽ അപാകതകളുണ്ടെന്നുമായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വാദം. എന്നാൽ 2017 ലാണ് എയർ ഇന്ത്യ വിൽക്കാൻ തീരുമാനിച്ചതെന്നും കനത്ത നഷ്ടം നേരിട്ടത് കൊണ്ടാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ടാറ്റ ഗ്രൂപ്പും സുബ്രഹ്മണ്യം സ്വാമിയുടെ ഹർജിയെ അതിശക്തമായി കോടതിയിൽ എതിർത്തു. എയർ ഇന്ത്യ വിൽപ്പനയെ എയർ ഏഷ്യയുമായി ബന്ധപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ അടിസ്ഥാനമില്ലാത്ത ആരോപണമെന്ന് ദില്ലി ഹൈക്കോടതിയിൽ ടാറ്റ വിമർശിച്ചു. എയർ ഇന്ത്യയെ ഏറ്റെടുക്കുന്ന കമ്പനി ടാറ്റ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണെന്നും ഇത് നൂറ് ശതമാനം ഇന്ത്യൻ കമ്പനിയാണെന്നും ടാറ്റ വാദിച്ചു. 

കഴിഞ്ഞ വർഷം ഒക്ടോബർ എട്ടിനാണ് ടാറ്റയുടെ ടെണ്ടർ സർക്കാർ അംഗീകരിച്ചത്. ഒക്ടോബർ 11ന് ടെൻഡർ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറി. ഓരോ ദിവസവും 20 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. കഴിയുന്നതും വേഗം എയർ ഇന്ത്യയെ വിവിൽക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സർക്കാർ. ഡിസംബര്‍ അവസാനത്തോടെ എയർ ഇന്ത്യ (Air India) കൈമാറ്റം നടക്കുമെന്നായിരുന്നു കരുതിയതെങ്കിലും ഇതുണ്ടായില്ല.

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ള അനുമതികൾ വൈകുന്നതാണ് പ്രയാസമായത്. ചുവപ്പുനാട വിലങ്ങുതടിയാവുന്നതിന് പുറമെ ബിജെപി സർക്കാരിന്റെ തീരുമാനത്തെ ബിജെപി നേതാവ് തന്നെ കോടതിയിൽ എതിർക്കുന്നതും ഈ കൈമാറ്റം വൈകിപ്പിക്കും. 18000 കോടി രൂപയ്ക്കാണ് എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനിക്ക് കൈമാറുന്നത്. കരാർ പ്രകാരം പ്രകാരം 2700 കോടി രൂപയാണ് ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കേന്ദ്രസർക്കാരിന് കൊടുക്കേണ്ടത്. പുറമെ എയർ ഇന്ത്യയുടെ 15300 കോടി രൂപയുടെ കടബാധ്യതയും ടാലസ് കമ്പനി ഏറ്റെടുക്കണമെന്നാണ് വ്യവസ്ഥ.

കൈമാറ്റത്തെ വിമർശിച്ച് കേരള ധനമന്ത്രിയും

എയർ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറുന്നതിനെ കേരള ധനമന്ത്രി കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. 'എയർ ഇന്ത്യ നഷ്ടം ഉണ്ടാക്കുന്ന കമ്പനിയാണ്. സർക്കാരിന് ചെറിയ തോതിലുള്ള പിന്തുണയേ കൊടുക്കാനാവൂ. 2500 കോടി മാത്രമാണ് എയർ ഇന്ത്യ വിറ്റതിലൂടെ കേന്ദ്ര സർക്കാരിന് കിട്ടിയത്. അന്താരാഷ്ട്ര മാർക്കറ്റിലെ എയർ ഇന്ത്യയുടെ മൂല്യത്തിനനുസരിച്ച് പണം കിട്ടിയിട്ടില്ല. വിദേശ വിമാനത്താവളങ്ങളിൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ ഹീത്രൂ എയർപോർട്ടിലടക്കം എയർ ഇന്ത്യക്ക് ലാന്റിങ് റൈറ്റ്സും മെയിന്റനൻസിന് സ്ഥലവുമൊക്കെയുണ്ട്. അങ്ങിനെ മൊത്തത്തിലുള്ള എയർ ഇന്ത്യയുടെ മൂല്യമുണ്ട്. വാങ്ങിയ ആളെ സംബന്ധിച്ച് ഇത് ലാഭമാണ്,' - മന്ത്രി വിശദീകരിച്ചു.

'കേന്ദ്രസർക്കാരിനെ സംബന്ധിച്ച് ഈ ഡീൽ ലാഭകരമാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ ഇത്രയും നഷ്ടം വരുത്തുമ്പോൾ ഇങ്ങിനെയായാൽ എങ്ങിനെയെന്ന് ജനം ചോദിക്കും. അവിടെയൊരു പ്രശ്നമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ നന്നാക്കിയെടുക്കേണ്ടതുണ്ട്. എന്നാൽ സ്ഥാപനങ്ങളുടെ ഇന്നത്തെ നിലയിലെത്തുന്നതിൽ സർക്കാർ നയങ്ങൾക്കും പങ്കുണ്ട്. ബിഎസ്എൻഎൽ 1990കളിൽ 12000 കോടി ലാഭമുണ്ടാക്കിയ കമ്പനിയാണ്. ആ കമ്പനികൾ ഇന്നത്തെ നിലയിൽ നഷ്ടം നേരിട്ടത് കേന്ദ്രസർക്കാരുകളുടെ തന്നെ നിലപാട് കാരണമാണ്,' - എന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വിമർശിച്ചു.

Follow Us:
Download App:
  • android
  • ios