സഞ്ജുവിനെ കൂടാതെ മുംബൈ സ്വദേശിയായ നായകൻ സൂര്യകുമാർ യാദവിനെയും ശിവം ദുബെയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരം സഞ്ജു സാംസണിന്റെ പങ്ക് സമാനതകളില്ലാത്തതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമസഭയിൽ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഞ്ജുവിന്റെ അസാമാന്യ പ്രകടനത്തെ ഫഡ്നാവിസ് പ്രത്യേകം എടുത്തുപറഞ്ഞു.
ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനുള്ള അഭിനന്ദന പ്രമേയത്തിനിടയിലാണ് സഞ്ജുവിനെ കുറിച്ച് ഫഡ്നാവിസ് വാചാലനായത്. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തില്‍ ഒരു കളിക്കാരനെക്കുറിച്ച് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. അത് സഞ്ജു സാംസൺ ആണ്. ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവന്റെ ഭാഗമായിരുന്നില്ലെങ്കിലും, അവസരം ലഭിച്ചപ്പോൾ ഈ ടൂർണമെന്റിനെ തന്നെ അദ്ദേഹം കീഴടക്കി. വെസ്റ്റ് ഇൻഡീസിനും ഇംഗ്ലണ്ടിനുമെതിരെ അദ്ദേഹം കളിച്ച ഇന്നിംഗ്സുകൾ അവിശ്വസനീയമാണ്. ഫൈനലിലും ഒരു ചാമ്പ്യനെപ്പോലെയാണ് അദ്ദേഹം ബാറ്റ് ചെയ്തതെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
സഞ്ജുവിനെ കൂടാതെ മുംബൈ സ്വദേശിയായ നായകൻ സൂര്യകുമാർ യാദവിനെയും ശിവം ദുബെയെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഫൈനലിന് തൊട്ടുമുൻപ് കുടുംബത്തിൽ വിയോഗമുണ്ടായിട്ടും ടീമിനായി പൊരുതിയ ഇഷാൻ കിഷന്റെ മാനസികക്കരുത്തിനെയും അദ്ദേഹം പ്രശംസിച്ചു. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് മഹാരാഷ്ട്ര നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു.
ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ് സ്കോററുമായ സഞ്ജു വെസ്റ്റ് ഇൻഡീസിനെതിരെ വെര്‍ച്വൽ ക്വാര്‍ട്ടര്‍ ഫൈനലായി മാറിയ സൂപ്പര്‍ 8 പോരാട്ടത്തില്‍ പുറത്താകാതെ 97 റൺസെടുത്ത് ടീമിന് സെമി ടിക്കറ്റ് നല്കി. ഇംഗ്ലണ്ടിനെതിരെ: സെമി ഫൈനലിൽ 89 റൺസെടുത്ത് ടീമിന്റെ ടോപ് സ്കോററായ സഞ്ജു ന്യൂസിലൻഡിനെതിരായി ഫൈനലിലും 89 റൺസോടെ ടോപ് സ്കോററും പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി.
