ഇന്ത്യയിൽ ഡെസ്റ്റിനേഷൻ വിവാഹങ്ങൾക്ക് പ്രിയമേറുകയാണ്. 2028-ഓടെ ഇത് മൊത്തം വിവാഹങ്ങളുടെ 30-32 ശതമാനമാകുമെന്ന് റിപ്പോർട്ട്. വലിയ ചടങ്ങുകൾക്ക് പകരം അതിഥികൾക്ക് മികച്ച അനുഭവം നൽകുന്ന ചെറിയ ആഘോഷങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം.

ഇന്ത്യക്കാര്‍ക്കിടയില്‍ ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ക്ക് പ്രിയമേറുന്നു. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തോത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. 'വെഡ്മീഗുഡ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് റിപ്പോര്‍ട്ട് 2026' പ്രകാരം, നിലവിലുള്ള നാലിലൊന്ന് എന്ന കണക്കില്‍ നിന്ന് വര്‍ദ്ധിച്ച് 2028 ഓടെ ഇന്ത്യയിലെ മൊത്തം വിവാഹങ്ങളുടെ 30- 32 ശതമാനവും ഡെസ്റ്റിനേഷന്‍ വിവാഹങ്ങളായിരിക്കും. വലിയ പരമ്പരാഗത ചടങ്ങുകള്‍ക്ക് പകരം, ഒത്തുചേരലുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള വിവാഹചടങ്ങുകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ക്കായുള്ള ചെലവില്‍ 8 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയ്ക്കുള്ളിലെ ഒരു ഡെസ്റ്റിനേഷന്‍ വിവാഹത്തിനായി ശരാശരി 58 ലക്ഷം രൂപയാണ് ഇപ്പോള്‍ ആളുകള്‍ ചെലവാക്കുന്നത്. അതേസമയം വിദേശ രാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ 1.5 കോടി രൂപയിലധികം ഇതിനായി മാറ്റിവെക്കുന്നുണ്ട്.

അതിഥികളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ മികച്ച അനുഭവങ്ങള്‍ വേണമെന്ന ആഗ്രഹമാണ് ഈ മാറ്റത്തിന് പിന്നില്‍. സര്‍വേയില്‍ പങ്കെടുത്തവരില്‍ 42 ശതമാനം പേരും ഇത്തരത്തിലുളള ചെറിയ ആഘോഷങ്ങളാണ് ഇഷ്ടപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. ആധുനിക വിവാഹങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിലും ആഘോഷിക്കുന്നതിലും വന്നിട്ടുള്ള വലിയൊരു മാറ്റമാണ് ഇത് സൂചിപ്പിക്കുന്നത്. ഡെസ്റ്റിനേഷന്‍ വിവാഹങ്ങളുടെ ദിവസങ്ങളും ഇപ്പോള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2020-ന് മുമ്പ് ശരാശരി 1.8 ദിവസമായിരുന്ന വിവാഹ ആഘോഷങ്ങള്‍ ഇപ്പോള്‍ 3.2 ദിവസമായി വര്‍ദ്ധിച്ചു. വിവാഹ ചടങ്ങുകള്‍ക്കപ്പുറം, ആഘോഷങ്ങളിലുടനീളം അതിഥികളുടെ പങ്കാളിത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പരിപാടികളാണ് ഇപ്പോള്‍ ഡിസൈന്‍ ചെയ്യുന്നത്.

പ്രത്യേകം തയ്യാറാക്കിയ ഭക്ഷണ വിഭവങ്ങള്‍, വെല്‍നസ് സെഷനുകള്‍, പല ദിവസങ്ങളിലായി നടക്കുന്ന തീം ഇവന്റുകള്‍ എന്നിവയിലൂടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി അവിസ്മരണീയമായ നിമിഷങ്ങള്‍ സൃഷ്ടിക്കാനാണ് പണം മുടക്കുന്നത്. ഒരു ദിവസത്തെ ചടങ്ങ് എന്നതിലുപരി അതിഥികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിന്റെ പ്രാധാന്യമാണ് ഈ ട്രെന്‍ഡ് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളില്‍, ഇന്ത്യക്കാര്‍ക്കിടയില്‍ അതിവേഗം വളരുന്ന വെഡ്ഡിംഗ് മാര്‍ക്കറ്റുകളിലൊന്നായി ശ്രീലങ്ക മാറിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് രണ്ടോ നാലോ മണിക്കൂര്‍ ഫ്‌ലൈറ്റ് യാത്രയുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാനാണ് 44 ശതമാനം ആളുകളും താല്പര്യപ്പെടുന്നതെന്നും, ഇത് സമീപത്തുള്ള ഡെസ്റ്റിനേഷനുകളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള വെഡ്ഡിംഗ് ബുക്കിംഗുകളില്‍ പ്രതിവര്‍ഷം 20 മുതല്‍ 25 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുയോജ്യമായ സ്ഥാനം, മികച്ച ഹോസ്പിറ്റാലിറ്റി മേഖല, വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ എന്നിവയാണ് ദീര്‍ഘദൂരം യാത്ര ചെയ്യാതെ അന്താരാഷ്ട്ര തലത്തില്‍ വിവാഹം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ശ്രീലങ്കയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നത്. വരും കാലങ്ങളിലും അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ക്ക്, പ്രത്യേകിച്ചും ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.