ഫോൺപേ പുതിയതായി അവതരിപ്പിച്ച ‘യുപിഐ 123പേ’ സംവിധാനം വഴി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ഇനി ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ ഇടപാടുകൾ നടത്താം. എസ്എംഎസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സേവനത്തിലൂടെ പണം അയയ്ക്കാനും അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും സാധിക്കും.
സ്‍മാർട്ട്ഫോണോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലെങ്കിലും ഇനി യുപിഐ പേയ്മെന്റുകൾ നടത്താം. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോൺപേ. ‘യുപിഐ 123പേ’ എന്ന സംവിധാനത്തിലൂടെയാണ് ഫീച്ചർ ഫോണുകളിൽ ഇന്‍റർനെറ്റ് ഇല്ലാതെയും പണമിടപാടുകൾ നടത്താൻ സാധിക്കുക. നിലവിൽ നോക്കിയ, എച്ച്എംഡി, ലാവ, ഐടെൽ തുടങ്ങിയ കമ്പനികളുടെ തിരഞ്ഞെടുത്ത ഫീച്ചർ ഫോൺ മോഡലുകളിൽ ഈ സേവനം മുൻകൂട്ടി ലഭ്യമാകും. വരും ദിവസങ്ങളിൽ കൂടുതൽ മൊബൈൽ ഫോൺ നിർമാതാക്കൾ ഈ സംവിധാനവുമായി സഹകരിക്കുമെന്ന് ഫോൺപേ അറിയിച്ചു.
ഇന്‍റർനെറ്റ് ഇല്ലാതെയും പണം അയയ്ക്കാം
പ്രത്യേകമായി ഫീച്ചർ ഫോണുകളിൽ യുപിഐ പേയ്മെന്റുകൾ നടത്തുന്നതിനായി രൂപകൽപ്പന ചെയ്ത സാങ്കേതിക സംവിധാനമാണ് ഫോൺപേ അവതരിപ്പിച്ചിരിക്കുന്നത്. എസ്എംഎസ് മുഖേനയുള്ള സംവിധാനമായതിനാൽ പരിമിതമായ 2ജി നെറ്റ്‌വർക്ക് ലഭ്യതയുള്ള പ്രദേശങ്ങളിലും പണമിടപാട് നടത്താൻ സാധിക്കും. മൊബൈൽ നമ്പർ അല്ലെങ്കിൽ യുപിഐ ഐഡി ഉപയോഗിച്ച് മറ്റൊരാൾക്ക് പണം അയയ്ക്കാം. വ്യാപാരികൾക്ക് യുപിഐ ഐഡി വഴിയും, ക്യാമറ സൗകര്യമുള്ള ഫീച്ചർ ഫോണുകളിൽ ക്യുആർ കോഡ് സ്‍കാൻ ചെയ്തും പണം അടയ്ക്കാൻ സാധിക്കും.
അക്കൗണ്ട് ബാലൻസ് പരിശോധിക്കാം
പണമിടപാടുകൾ നടത്തുന്നതിന് പുറമെ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാനും ട്രാൻസാക്ഷൻ ഹിസ്റ്ററി അറിയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. ബിൽ പേയ്മെന്റ്, മൊബൈൽ റീചാർജ്, ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ രജിസ്ട്രേഷൻ തുടങ്ങിയ കൂടുതൽ സൗകര്യങ്ങൾ ഭാവിയിലെ അപ്ഡേറ്റുകളിലൂടെ അവതരിപ്പിക്കുമെന്നും ഫോൺപേ അറിയിച്ചു.
എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഫീച്ചർ ഫോണിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഫോൺപേ ആപ്പ് തുറന്നാണ് സേവനം ആക്ടീവ് ആക്കേണ്ടത്. നിബന്ധനകൾ അംഗീകരിച്ച ശേഷം ഉപയോക്താവിന്റെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കണം. തുടർന്ന് ഡെബിറ്റ് കാർഡിന്റെ അവസാന ആറ് അക്കങ്ങളും കാർഡിന്റെ കാലാവധി അവസാനിക്കുന്ന തീയതിയും നൽകണം. ഇതിനുശേഷം യുപിഐ പിൻ സജ്ജീകരിച്ചാൽ യുപിഐ ഐഡി സജീവമാകും. തുടർന്ന് പേയ്മെന്റുകൾ നടത്താം.
മൊബൈൽ നമ്പർ വഴിയും പണം അയയ്ക്കാം
പണം അയയ്ക്കുന്നതിനായി ഫോൺപേ ആപ്പ് തുറന്ന് കോൺടാക്ട്, മൊബൈൽ നമ്പർ അല്ലെങ്കിൽ യുപിഐ ഐഡി വഴിയുള്ള പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കണം. പണം ലഭിക്കേണ്ട വ്യക്തിയെ തിരഞ്ഞെടുത്ത ശേഷം തുക രേഖപ്പെടുത്തി വിവരങ്ങൾ പരിശോധിച്ച് യുപിഐ പിൻ നൽകി ഇടപാട് പൂർത്തിയാക്കാം. ക്യാമറയുള്ള ഫീച്ചർ ഫോണുകളിൽ ‘സ്‍കാൻ ആൻഡ് പേ’ സൗകര്യവും ലഭിക്കും. വ്യാപാരിയുടെ ക്യുആർ കോഡ് സ്‍കാൻ ചെയ്ത് തുക രേഖപ്പെടുത്തിയ ശേഷം യുപിഐ പിൻ നൽകിയാൽ പേയ്മെന്റ് പൂർത്തിയാകും.
ശബ്‍ദാധിഷ്‍ഠിത എഐ സംവിധാനം
പുതിയ സേവനം സജീവമാക്കാനും യുപിഐയുടെ അടിസ്ഥാന സൗകര്യങ്ങൾ മനസിലാക്കാനും ഉപയോക്താക്കളെ സഹായിക്കുന്നതിനായി ശബ്ദാധിഷ്ഠിത നിർമിത ബുദ്ധി ഹെൽപ്‌ലൈൻ സംവിധാനവും ഫോൺപേ അവതരിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിന് പുറമെ 12 ഇന്ത്യൻ ഭാഷകളിലും ഈ സഹായി ലഭ്യമാകും. സ്മാർട്ട്ഫോണും സ്ഥിരമായ ഇന്റർനെറ്റ് കണക്ഷനും ഇല്ലാത്ത ഉപയോക്താക്കളിലേക്കും ഡിജിറ്റൽ പേയ്മെന്റ് സൗകര്യം എത്തിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.


