Asianet News MalayalamAsianet News Malayalam

ഡിജിറ്റൽ കേരളം 2021; എല്ലാ വീട്ടിലും കമ്പ്യൂട്ടറും ഇൻ്റർനെറ്റും, സ്വപ്നങ്ങൾ വാനോളം

  • സ്റ്റാർട്ടപ്പുകൾക്ക്  വായ്പാ പിന്തുണ, സർക്കാർ പദ്ധതികളിൽ മുൻഗണന
  • കെ ഫോൺ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യും
  • എല്ലാ വീട്ടിലും ലാപ്ടോപ്പ്
  • കെ ഡിസ്ക് വഴി തൊഴിൽ
digital economy announcements from kerala budget 2021
Author
Trivandrum, First Published Jan 15, 2021, 6:06 PM IST

തിരുവനന്തപുരം: ഡിജിറ്റൽ കേരളത്തിന്റെ ഇന്നിന്റെ അത്യാവശങ്ങളെയും നാളെയുടെ ആവശ്യങ്ങളെയും പരിഗണിച്ചാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ആറാം ബജറ്റ്. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി 5 വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് തൊഴിൽ, എല്ലാ വീട്ടിലും ലാപ്ടോപ്പ്, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്, ഇന്നിന്റെയും നാളെയുടെയും തൊഴിൽ സാധ്യതകൾ പരിഗണിച്ചുള്ള ഐടി പരിശീലന പദ്ധതികൾ. അങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയാണ് സംസ്ഥാന സർക്കാരിൻ്റെ ഇലക്ഷൻ ബജറ്റ്. 

പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പകുതി വിലക്ക് ലാപ്‌ടോപ് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നൽകും.

തൊഴിലുറപ്പാക്കാൻ

digital economy announcements from kerala budget 2021

കൊവിഡ് പ്രതിസന്ധി അവസരമാക്കിയാണ് തൊഴിൽ ഉറപ്പാക്കാനുള്ള വൻപദ്ധതി. ജോലി നഷ്ടപ്പെട്ട സ്ത്രീ പ്രൊഫഷണനലുകൾ അഭ്യസ്തവിദ്യരായ യുവാക്കൾ എന്നവിരെയാണ് ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി അധ്യക്ഷനായി പുനഃസംഘടിപ്പിച്ച കെ ഡിസ്ക്ക് പ്ലാറ്റ്ഫോം വഴിയാണ് തൊഴിൽ ലഭ്യമാക്കാൽ. കേരളത്തിലെയും പുറത്തെയും കമ്പനികൾക്ക് ആവശ്യാനുസരണം ജീവനക്കാരെ കണ്ടെത്താൻ സർക്കാർ ഡിജിറ്റൽ പ്ലാറ്റ് ഫോം ഒരുക്കും. ഉദ്യോഗാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ഫെബ്രുവരിയിൽ തുടങ്ങും.

കമ്പനികൾ ജോലിക്കെടുക്കുന്നവരുടെ പ്രൊവിഡന്‍റ് ഫണ്ടും ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ സർക്കാർ വഹിക്കും. കെഎസ്എഫ്ഇയുമായി ചേർന്ന് ആവശ്യക്കാർക്ക് കമ്പ്യൂട്ടർ നൽകും. ജോലി നഷ്ടമായാൽ അടുത്ത ജോലി ലഭിക്കുന്നത് വരെ വായ്പാ തിരിച്ചടവിന് സാവകാശവുമുണ്ടാകും. സർക്കാരിന് കീഴിലുളള ഒഴിഞ്ഞ കെട്ടിടങ്ങളും കമ്പനികൾക്ക് വർക്ക്സ്റ്റേഷനാക്കാൻ സഹായവാടകക്ക് നൽകും. 

എല്ലാ വീട്ടിലും ലാപ്ടോപ്പ്

digital economy announcements from kerala budget 2021

എല്ലാ വീടുകളിലും ലാപ്ടോപ്പ് എത്തിക്കാനുള്ള പദ്ധതിയാണ് മറ്റൊന്ന്. പട്ടികവിഭാഗങ്ങൾക്കും,മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്കും 50ശതമാനവും ബിപിഎല്ലുകാർക്ക് 25ശതമാനവും വിലയിൽ ഇളവ് നൽകും. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് ഉറപ്പാക്കുന്ന കെ ഫോണിൻറെ ആദ്യ ഘട്ടം അടുത്തമാസം തുടങ്ങും. സ്റ്റാർട്ട് അപ്പുകൾക്കും ഉണ്ട് കൈത്താങ്ങ്. ഈ വർഷം 2500 പുതിയ സ്റ്റാർട്ട് അപ്പുകളിലൂടെ 20,‍‍000 പേ‍‍ർ‍ക്ക് തൊഴിൽ നൽകും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ 1000അധ്യാപകരെ നിയമിക്കും. സർവ്വകലാശാലകളുടെ വികസനത്തിനായി കിഫ്ബി വഴി 2000കോടി. പിൻവാതിൽ നിയമനമെന്ന ആക്ഷേപവും പിഎസ്‍സി റാങ്ക് ലിസ്റ്റ്റുകളിൽപെട്ടവരുടെ കാത്തിരിപ്പും നീളുമ്പോഴാണ് യുവാക്കളെ ഉന്നമിട്ടുള്ള ഡിജിറ്റൽ തൊഴിൽ വാഗ്ദാനം.

സ്റ്റാർട്ടപ്പുകൾക്ക് വാരിക്കോരി

digital economy announcements from kerala budget 2021

സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിന് സംസ്ഥാന ബജറ്റിൽ ആറിന പരിപാടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പ പിന്തുണയും സർക്കാർ പദ്ധതികളിൽ മുൻഗണനയും ഉൾപ്പടെ വിവിധ പദ്ധതികളാണ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കായി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുപതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഭാവിയിലേക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി സ്റ്റാർട്ട് അപ്പ് സംരംഭകർ പ്രതികരിച്ചു.

പ്രതിസന്ധിക്കാലത്തെ ബജറ്റിൽ സ്റ്റാർട്ട് അപ്പുകൾക്ക് ലഭിച്ച കൈത്താങ്ങിൽ ആശ്വാസത്തിലാണ് സംരംഭകർ. കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ സംയുക്ത ഫണ്ടിന് രൂപം നൽകി സ്റ്റാർട്ട് അപ്പുകൾക്ക് മൂലധനം ലഭ്യമാക്കും. ഇതിനായി ബജറ്റിൽ നീക്കി വെച്ചത് 50 കോടി രൂപ. സംസ്ഥാനത്തെ സ്റ്റാർട്ട് അപ്പുകൾ വിദേശ നിക്ഷേപം ആകർഷിക്കുകയാണെങ്കിൽ സർക്കാരും നിശ്ചിത ഗ്രാന്‍റ് ലഭ്യമാക്കും. സർക്കാർ സ്ഥാപനങ്ങൾ നൽകിയ വായ്പകൾ നഷ്ടമായി മാറിയാൽ സംരംഭങ്ങൾക്ക് 50ശതമാനം സർക്കാർ താങ്ങായി നൽകും. സ്റ്റാ‍ർട്ട് അപ്പ് മിഷൻ നടപ്പാക്കുന്ന കേരള ഫണ്ട് സ്കീമീലേക്ക് 20 കോടി രൂപയും. 

സ്ത്രീകൾ നേതൃത്വം നൽകുക സംരംഭങ്ങൾക്ക് പ്രത്യേക പരിഗണനയുണ്ടാകും, മെന്‍റിറിംഗ് ഫ്ലാറ്റ് ഫോമുകൾ, കൂടുതൽ ഉത്പന്നങ്ങളുടെ വികസനം, മാർക്കറ്റിംഗ് എന്നിവയിലേക്കും 59 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്റ്റാർട്ട് അപ്പുകളുടെ കൺസോർഷ്യം രൂപീകരിച്ച് ഇവർക്ക് എല്ലാ സർക്കാർ വകുപ്പുകളിലെയും ടെൻഡറുകളിൽ മുൻഗണന നൽകാനും ബജറ്റിൽ നിർദ്ദേശമുണ്ട്. വിദേശ സർവ്വകലാശാലകളും കമ്പനികളുമായി ചേർന്ന് പത്ത് അന്താരാഷ്ട്ര ഡെസ്റ്റിനേഷൻ ലോഞ്ച് പാഡ്. ഒപ്പം കൊച്ചി കിൻഫ്ര ടെക്നോളജി ഇന്നവോഷൻ സോണിന് ഈ വർഷവും 10 കോടി രൂപയും. വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ.

കെ ഫോൺ യാഥാർത്ഥ്യത്തിലേക്ക് 

digital economy announcements from kerala budget 2021

കെ ഫോണിന്റെ ആദ്യ ഘട്ടം ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യുമെന്നാണ് പ്രഖ്യാപനം. തിരുവനന്തപുരം മുതൽ പാലക്കാട് വരെയാണ് ആദ്യ ഇൻ്റർനെറ്റ് ഇടനാഴി. ഈ ഇടനാഴിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പടെയുള്ള 1500 സർക്കാർ ഓഫീസുകൾക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകിയാകും ഫെബ്രുവരിയിൽ കെ ഫോൺ കമ്മീഷൻ ചെയ്യുക.

വൈദ്യുതതൂണുകളിലൂടെ 7500 കിലോമീറ്റർ കേബിളും ടവർലൈനിലൂടെ 350 കിലോമീറ്റർ കേബിളുകളും സ്ഥാപിച്ചു കഴിഞ്ഞു. വൈദ്യുതതൂണുകളിലൂടെ 47,000 കിലോമീറ്റർ കേബിളും ടവർലൈനുകളിലൂടെ 3600 കിലോമീറ്റർ കേബിളുകളുമാണ് പ്രഖ്യാപിത ലക്ഷ്യം. 
കേരളത്തിൻ്റെ സ്വന്തം ഇന്റർ‍നെറ്റ് ഹൈവേ ആരുടെയും കുത്തകയാവില്ലെന്നാണ് തോമസ് ഐസക്കിന്റെ പ്രഖ്യാപനം. എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ പരിഗണനയും അവസരവുമാണ് ധനമന്ത്രി ബജറ്റിൽ ഉറപ്പ് നൽകിയത്. കെ ഫോണിൻ്റെ ഓഹരി മൂലധനത്തിലെ 166 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ഇ ഗവേണൻസ്, ഇ ഹെൽത്ത് സേവനങ്ങൾ കെ ഫോൺ വരുന്നതോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. 

തെര‍ഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റിൽ പ്രഖ്യാപിച്ചതെന്തൊക്കെ നടപ്പാക്കാനാകുമെന്ന് കണ്ടറിയണമെങ്കിലും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ പകുതിയെങ്കിലും യാഥാർത്ഥ്യമാക്കാനായാൽ അത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിൽ നിർണ്ണായകമായിരിക്കും. 

Follow Us:
Download App:
  • android
  • ios