കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ഓഫറുകള്‍ അവതരിപ്പിക്കുന്നു. വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയത്തില്‍ 2.5 ശതമാനം ഡിസ്‌കൗണ്ട്
ഒരിടവേളയ്ക്കു ശേഷം കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ വീണ്ടും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയിലാണ് രാജ്യം. ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതും വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനേയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും പ്രതിരോധ നടപടികള്‍ ഈര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തി.
കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക്, ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പ്രീമിയത്തില്‍ 2.5 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുമെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി പ്രഖ്യാപിച്ചു. റിലയന്‍സ് ഹെല്‍ത്ത് ഇന്‍ഫിനിറ്റി ഇന്‍ഷൂറന്‍സ് പോളിസി എടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ഡിസ്‌കൗണ്ട് ലഭിക്കുക. പുതിയതായി ഈ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നവര്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ പോളിസി പുതുക്കുന്ന വേളയിലും ഈ ഓഫറിന് അര്‍ഹരാണ്. അതുപോലെ ഹ്യൂമന്‍ പാപ്പിലോമവൈറസ് വാക്‌സിന്‍, ന്യൂമോകോക്കല്‍ വാക്‌സിന്‍ പോലെയുള്ള മറ്റ് വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും പ്രീമിയത്തില്‍ 2.5 ശതമാനം കിഴിവ് ലഭിക്കുമെന്നും റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഉത്തരപടിഞ്ഞാറന്‍ മേഖലയില്‍ ശീതതരംഗം പോലെുള്ള പ്രവചനാതീതമായ കാലാവസ്ഥാ ദുരിതങ്ങളും കൊവിഡ്-19 വ്യാപനം സംബന്ധിച്ച് ഉയരുന്ന ആശങ്കകളും മറ്റ് വൈറസ് ബാധകളുടേയും പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനും ക്ഷേമവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുമായാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് പോളിസിയില്‍ കിഴിവ് അനുവദിക്കുന്നതെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിദേശ രാജ്യങ്ങൡ വൈറസ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, കൊവിഡ്-19 വാക്‌സിന്‍ എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് പോളിസി പുതുക്കുന്ന ഘട്ടത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് രാജ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനികളോട് ഇന്‍ഷൂറന്‍സ് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതുപോലെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കമ്പനിയുടെ കീഴിലുള്ള ആരോഗ്യപരിപാലന കേന്ദ്രങ്ങളില്‍ ആര്‍ടി-പിസിആര്‍ പരിശോധന നടത്തുന്നതിനും ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും സമൂഹ മാധ്യമങ്ങള്‍ മുഖേന കൊവിഡ് ബോധവത്കരണം നടത്താന്‍ മുന്‍കൈ എടുക്കണമെന്നും ഇന്‍ഷൂറന്‍സ് കമ്പനികളോട് ഐആര്‍ഡിഎഐ ആവശ്യപ്പെട്ടിരുന്നു. ലൈഫ്, നോണ്‍-ലൈഫ് പോളിസികളില്‍ കൊവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ഐആര്‍ഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്.
