സിഗരറ്റ് നികുതിയില്‍ വരുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിത്. ജിഎസ്ടിക്ക് പുറമെ ഇപ്പോള്‍ 'എക്‌സൈസ് ഡ്യൂട്ടി' കൂടി തിരികെ കൊണ്ടുവന്നതാണ് വില വര്‍ദ്ധനവിന് കാരണമാകുന്നത്.

സിഗരറ്റുകളുടെ നികുതി ഘടനയില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ മാറ്റം വരുത്തിയതോടെ ഫെബ്രുവരി ഒന്നു മുതല്‍ സിഗരറ്റ് വില കുത്തനെ കൂടും. ഇനി ബ്രാന്‍ഡ് നോക്കിയല്ല, മറിച്ച് സിഗരറ്റിന്റെ നീളം നോക്കിയാകും നികുതി ഈടാക്കുക 2017-ല്‍ ജിഎസ്ടി നടപ്പിലാക്കിയ ശേഷം സിഗരറ്റ് നികുതിയില്‍ വരുന്ന ഏറ്റവും വലിയ പരിഷ്‌കാരമാണിത്. ജിഎസ്ടിക്ക് പുറമെ ഇപ്പോള്‍ 'എക്‌സൈസ് ഡ്യൂട്ടി' കൂടി തിരികെ കൊണ്ടുവന്നതാണ് വില വര്‍ദ്ധനവിന് കാരണമാകുന്നത്.

മാറ്റം എങ്ങനെ?

ഇതുവരെ ജിഎസ്ടിയും അതിന്റെ സെസ്സും അടിസ്ഥാനമാക്കിയായിരുന്നു നികുതി. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഓരോ 1,000 സിഗരറ്റിനും നിശ്ചിത തുക എക്‌സൈസ് ഡ്യൂട്ടി നല്‍കണം. ഫില്‍ട്ടര്‍ ഉള്ളതാണോ ഇല്ലാത്തതാണോ എന്നും അതിന്റെ നീളം (മില്ലിമീറ്ററില്‍) എത്രയാണെന്നും നോക്കിയാണ് ഈ നികുതി നിശ്ചയിക്കുന്നത്.

നീളം കൂടുന്തോറും ചെലവും കൂടും:

ഓരോ സിഗരറ്റിനും അധികമായി വരുന്ന ഏകദേശ തുക താഴെ നല്‍കുന്നു:

ചെറിയ സിഗരറ്റ് (65 mm താഴെ, ഫില്‍ട്ടര്‍ ഇല്ലാത്തത്): ഒരു സിഗരറ്റിന് ഏകദേശം 2.05 രൂപ കൂടും. ചെറിയ ഫില്‍ട്ടര്‍ സിഗരറ്റ് (65 mm താഴെ): ഒരു സിഗരറ്റിന് ഏകദേശം 2.10 രൂപ കൂടും. ഇടത്തരം സിഗരറ്റ് (65-70 mm): ഒരു സിഗരറ്റിന് 3.6 മുതല്‍ ?4 രൂപ വരെ കൂടും. കിങ് സൈസ്/പ്രീമിയം സിഗരറ്റ് (70-75 mm): ഒരു സിഗരറ്റിന5.4 രൂപ വരെ അധികം നല്‍കേണ്ടി വരും.

ഏതൊക്കെ ബ്രാന്‍ഡുകളെ ബാധിക്കും?

നീളം കൂടിയ 'കിങ് സൈസ്' സിഗരറ്റുകളെയാണ് വില വര്‍ദ്ധനവ് കാര്യമായി ബാധിക്കുക. വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന ഗോള്‍ഡ് ഫ്‌ലേക്ക് പ്രീമിയം, ക്ലാസിക്, മാല്‌ബോറോ , ഐസ് ബസ്റ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വലിയ വിലക്കയറ്റം ഉണ്ടാകും. ഐസ് ബസ്റ്റ് പോലുള്ള ഫ്‌ലേവേര്‍ഡ് സിഗരറ്റുകള്‍ക്കും സ്റ്റിക്ക് ഒന്നിന് ശരാശരി 5.4 രൂപ വരെ വര്‍ദ്ധിച്ചേക്കാം. എന്നാല്‍ 'മിനി' സിഗരറ്റുകള്‍ക്ക് വര്‍ദ്ധനവ് താരതമ്യേന കുറവായിരിക്കും.

എന്തുകൊണ്ട് ഈ നികുതി വര്‍ദ്ധനവ്? നികുതി വെട്ടിപ്പ് തടയുക, സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ പുകയില ഉപയോഗം കുറയ്ക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഈ നീക്കം സഹായിക്കും. പുകയില മൂലം ഉണ്ടാകുന്ന കാന്‍സര്‍ പോലുള്ള അസുഖങ്ങളുടെ ചികിത്സാച്ചെലവ് വര്‍ദ്ധിക്കുന്നതും നികുതി കൂട്ടാന്‍ കാരണമായി ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സിഗരറ്റ് വിലയുടെ 53 ശതമാനത്തോളമാണ് ആകെ നികുതി. ഇത് 75 ശതമാനമെങ്കിലും ആക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ.