ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ പ്രധാന ആഭ്യന്തര വിമാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. ഉത്സവ സീസണിലെ വർധിച്ച ആവശ്യകതയും ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ സീറ്റുകളുടെ എണ്ണം കുറച്ചതുമാണ് നിരക്ക് വർദ്ധനവിന് പ്രധാന കാരണം.
ദില്ലി: രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്കായി നാടുകളിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ആളുകൾക്ക് തിരിച്ചടി. രാജ്യത്തെ പ്രധാന ആഭ്യന്തര വിമാന റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. നവംബർ 6 മുതൽ 8 വരെയുള്ള യാത്രകൾക്ക് പ്രധാന നഗരങ്ങളിൽ നിന്ന് ഉയർന്ന നിരക്കാണ് എയർലൈനുകൾ ഈടാക്കുന്നത്.
പ്രധാന റൂട്ടുകളിലെ റിട്ടേൺ ടിക്കറ്റ് നിരക്കുകൾ
ദില്ലി - ഹൈദരാബാദ്: 18,000 വരെ (എയർ ഇന്ത്യ)
ദില്ലി - കൊൽക്കത്ത: 17,000 വരെ (എയർ ഇന്ത്യ)
ദില്ലി - അഹമ്മദാബാദ്: 17,000 വരെ (എയർ ഇന്ത്യ)
ദില്ലി - ബെംഗളൂരു: 16,000 വരെ
ദില്ലി - മുംബൈ: 13,000 വരെ (ഇൻഡിഗോ)
ഉത്സവ സീസണിലെ പെട്ടെന്നുള്ള ഡിമാന്റും കുറഞ്ഞ നിരക്കിലുള്ള സീറ്റുകൾ വേഗത്തിൽ വിറ്റു തീരുന്നതുമാണ് ഡൈനാമിക് പ്രൈസിംഗ് (Dynamic Pricing) സംവിധാനം വഴി നിരക്കുകൾ ഉയരാൻ കാരണം. വ്യോമയാന ഡാറ്റാ ഏജൻസിയായ ഒഎജിയുടെ കണക്കനുസരിച്ച്, സെപ്റ്റംബറിൽ രാജ്യത്തെ ആഭ്യന്തര വിമാന സീറ്റുകളുടെ എണ്ണത്തിൽ (Capacity) 5.6 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇൻഡിഗോ 4.5 ശതമാനവും എയർ ഇന്ത്യ 8.8 ശതമാനവും സീറ്റുകൾ വെട്ടിച്ചുരുക്കി. ഉയർന്ന പ്രവർത്തനച്ചെലവും വിമാനങ്ങളുടെ ലഭ്യതക്കുറവുമാണ് ഇതിന് കാരണം.
രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളുടെ 90 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്നത് ഇൻഡിഗോയും എയർ ഇന്ത്യയുമാണ്. അതിനാൽ, ഈ കമ്പനികൾ സർവീസുകൾ കുറച്ചത് തിരക്കേറിയ സമയങ്ങളിൽ സീറ്റ് ലഭ്യതയെയും ടിക്കറ്റ് നിരക്കിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ നിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

