ദില്ലി: ഗ്യാസ് സിലിണ്ടർ വീടുകളിൽ എത്തിച്ചുതരുന്ന ഗ്യാസ് ഏജൻസി ജീവനക്കാർക്ക് ഡെലിവറി ചാർജ് കൊടുക്കേണ്ടെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്. വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉപഭോക്താവ് ബുക്ക് ചെയ്യുന്ന സിലിണ്ടർ അദ്ദേഹത്തിന്റെ വീട്ടുപടിക്കലോ ഫ്ലാറ്റിലോ കെട്ടിടത്തിലോ എവിടെയായാലും ഏത് പ്രദേശത്തായാലും എത്തിക്കുകയാണ് ഏജൻസി ജീവനക്കാരന്റെ ജോലി. അതിന് ബിൽ തുകയേക്കാൾ അധികമായി ആരും പണം നൽകേണ്ടതില്ലെന്ന് കമ്പനി സമർപ്പിച്ച രേഖയിൽ വ്യക്തമാക്കുന്നു.

കരീം അൻസാരി എന്ന ഹൈദരാബാദ് സ്വദേശിയാണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. ഡെലിവറി ജീവനക്കാരൻ അധിക തുക ആവശ്യപ്പെട്ടാൽ അത് നൽകാതിരിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് എച്ച്പിസിഎൽ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.