ഡിജിറ്റല്‍ ഡോളര്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഡോണാള്‍ഡ് ട്രംപ് ഒപ്പുവച്ചു.

ഡിജിറ്റല്‍ കറന്‍സിക്ക് തടയിട്ട് യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ഡിജിറ്റല്‍ ഡോളര്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ അദ്ദേഹം ഒപ്പുവച്ചു. സുസ്ഥിര സാമ്പത്തിക രംഗത്തിനും വ്യക്തികളുടെ സ്വകാര്യതയ്ക്കും അമേരിക്കയുടെ പരമാധികാരത്തിനും ഭീഷണിയായതിനാലാണ് ഡിജിറ്റല്‍ കറന്‍സി നിരോധിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ അധികാരപരിധിക്കുള്ളില്‍ ഡിജിറ്റല്‍ കറന്‍സിയുടെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ ഇല്ലാതാക്കുന്നത് ഈ നിരോധനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. 'ഡിജിറ്റല്‍ ഡോളര്‍' എന്ന് വിളിക്കപ്പെടുന്ന കറന്‍സികള്‍ ഡോളറുകള്‍ക്ക് പകരം വയ്ക്കാവുന്നതാണ്. 

നിലവില്‍ ബാങ്ക് അക്കൗണ്ടുകളില്ലാത്ത വ്യക്തികളെ യുഎസിന്‍റ്െ സാമ്പത്തിക സംവിധാനത്തിന്‍റെ ഭാഗമാക്കുന്നതിനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു മാര്‍ഗമായാണ് ഡിജിറ്റല്‍ കറന്‍സികളെ അനുകൂലികള്‍ ഇതിനെ ഉയര്‍ത്തിക്കാട്ടുന്നത്.. അതേ സമയം, 'ഡിജിറ്റല്‍ ഡോളറുകള്‍' ആളുകളുടെ സ്വകാര്യതയെ അപകടത്തിലാക്കുമെന്നും ബാങ്കിംഗ് സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് അനുകൂലികള്‍ പറയുന്നു.

ട്രംപിന്‍റെ നിര്‍ദ്ദേശം
ക്രിപ്റ്റോകറന്‍സികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഒരു സമിതി ആരംഭിക്കുന്നതിനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു. ക്രിപ്റ്റോകറന്‍സി ശേഖരം സൃഷ്ടിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുകയും ഡിജിറ്റല്‍ ആസ്തികള്‍ക്കായി ഒരു പുതിയ നിയന്ത്രണ ഘടന നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് കമ്മിറ്റിയുടെ ഉത്തരവാദിത്തങ്ങള്‍. 

എന്താണ് ഡിജിറ്റല്‍ കറന്‍സി
ഒരു രാജ്യത്തിന്‍റെ കേന്ദ്ര ബാങ്കിന് പുറപ്പെടുവിക്കാന്‍ കഴിയുന്നവയാണ് ഡിജിറ്റല്‍ കറന്‍സി. ഇത് പരമ്പരാഗത കറന്‍സിയുടെ (രൂപ അല്ലെങ്കില്‍ ഡോളര്‍ പോലുള്ളവ) ഒരു ഡിജിറ്റല്‍ രൂപമാണ്, ഇവ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നു. ബ്ലോക്ക്ചെയിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സുരക്ഷിത സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കാന്‍ കഴിയും, കൂടാതെ ഇത് കറന്‍സിയുടെ ഒരു ഇലക്ട്രോണിക് രൂപം കൂടിയാണ്

ഇന്ത്യയ്ക്കും ഡിജിറ്റല്‍ കറന്‍സി

ഇന്ത്യ തങ്ങളുടെ ഡിജിറ്റല്‍ കറന്‍സി 'ഇ-റുപ്പി' പുറത്തിറക്കിയിട്ടുണ്ട്. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. പണരഹിത സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. സുതാര്യതയും അഴിമതിയും കുറയ്ക്കുക,ഡിജിറ്റല്‍ ഇടപാടുകള്‍ ലളിതവും ചെലവ് കുറഞ്ഞതുമാക്കുക എന്നിവയും ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നു.