കാനഡയ്ക്കും മെക്സിക്കോയ്ക്കും അമേരിക്ക നല്‍കുന്ന വലിയ സബ്സിഡികള്‍ എന്നിവ കാരണം ആണ് തീരുവ വര്‍ദ്ധിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

നാളെ മുതല്‍ മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടൊപ്പം, ചൈനയ്ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. എണ്ണയെ തീരുവയുള്ള ഇനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. അനധികൃത കുടിയേറ്റം, മയക്കുമരുന്ന് കള്ളക്കടത്ത്, കാനഡയ്ക്കും മെക്സിക്കോയ്ക്കും അമേരിക്ക നല്‍കുന്ന വലിയ സബ്സിഡികള്‍ എന്നിവ കാരണം ആണ് തീരുവ വര്‍ദ്ധിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

ഇപ്പോള്‍ ചുമത്തുന്ന 25 ശതമാനം തീരുവ കാലക്രമേണ വര്‍ദ്ധിച്ചേക്കാം. വ്യാപാരത്തിന്‍റെ കാര്യത്തില്‍ മെക്സിക്കോയും കാനഡയും ഒരിക്കലും യുഎസുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് ട്രംപ് ആരോപിച്ചു. വ്യാപാരത്തിന്‍റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും അമേരിക്കയോട് അന്യായമായാണ് പെരുമാറുന്നത്.
കാനഡയുടേയും മെക്സിക്കോയുടേയും സാധനങ്ങള്‍ യുഎസിന് ആവശ്യമില്ലെന്ന് പ്രസിഡന്‍റ് ട്രംപ്ര പറഞ്ഞു. അമേരിക്കക്കാര്‍ക്ക് ആവശ്യമായ എണ്ണ രാജ്യത്തുണ്ട്. മെക്സിക്കോ അമേരിക്കയ്ക്ക് എണ്ണ നല്‍കുന്നു, കാനഡ തടി ഉല്‍പ്പന്നങ്ങളും. മറ്റാരെക്കാളും കൂടുതല്‍ എണ്ണയും ആവശ്യത്തിനുള്ള മരത്തടിയും തങ്ങളുടെ പക്കലുണ്ടെന്നും ട്രംപ് പറഞ്ഞു.

ട്രംപിന്‍റെ അടുത്ത അടി ചൈനയ്ക്കോ

അമേരിക്കയിലേക്ക് മാരക മയക്കുമരുന്നായ ഫെന്‍റനൈല്‍ കയറ്റി അയയ്ക്കുന്നു എന്നതിന്‍റെ പേരില്‍ ചൈനയ്ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഫെന്‍റനൈല്‍ ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്നുവെന്ന് ട്ര്ംപ് ആരോപിച്ചു. യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷന്‍ (ഡിഇഎ) അഭിപ്രായ പ്രകാരം, രാജ്യത്തെ ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്ന സിന്തറ്റിക് ഓപിയോയിഡാണ് ഫെന്‍റനൈല്‍.

യുഎസിനെതിരെ കാനഡ 

ഡൊണാള്‍ഡ് ട്രംപ് തീരുവ ചുമത്തുന്നതുമായി മുന്നോട്ട് പോയാല്‍ കാനഡ അതിനെതിരെ പ്രതികരിക്കുമെന്ന് കാനഡ വ്യക്തമാക്കി. കാനഡ വേഗത്തിലും ശക്തവുമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ട്രൂഡോ ട്രംപിന് മുന്നറിയിപ്പ് നല്‍കി.