Asianet News MalayalamAsianet News Malayalam

ബിഎസ്എന്‍എല്ലിന്റെ 4ജി നെറ്റ്‌വര്‍ക്ക് ടെണ്ടര്‍; എട്ടംഗ സമിതിയെ നിയമിച്ചു

ആദ്യം പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കമ്പനികള്‍ പരാതി നല്‍കിയിരുന്നു. ആഗോള കമ്പനികളെ മാത്രം ലക്ഷ്യമിട്ട് തയ്യാറാക്കിയ ടെണ്ടറാണെന്നായിരുന്നു ആരോപണം.
 

DoT forms eight-member committee on BSNL's tender for 4G network
Author
Mumbai, First Published Jun 24, 2020, 8:45 AM IST

മുംബൈ: ബിഎസ്എന്‍എല്ലിന്റെ 4ജി നെറ്റ്‌വര്‍ക്കുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ക്കായി എട്ടംഗ വിദഗ്ദ്ധ സമിതിയെ ടെലികോം വകുപ്പ് നിയമിച്ചു. രണ്ടാഴ്ചക്കുള്ളില്‍ ടെണ്ടറില്‍ ഉള്‍പ്പെടുത്തേണ്ട, പദ്ധതിക്കാവശ്യമായ സാങ്കേതിക സംവിധാനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഈ സമിതി സമര്‍പ്പിക്കണം. 

ആദ്യം പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കമ്പനികള്‍ പരാതി നല്‍കിയിരുന്നു. ആഗോള കമ്പനികളെ മാത്രം ലക്ഷ്യമിട്ട് തയ്യാറാക്കിയ ടെണ്ടറാണെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് നിബന്ധനകള്‍ പരിശോധിക്കാനും വിശദമായ റിപ്പോര്‍ട്ട് നല്‍കാനും വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയത്.

4ജി സംവിധാനത്തിന് ആവശ്യമായ, തദ്ദേശീയമായി നിര്‍മ്മിക്കാനാവുന്ന വസ്തുക്കള്‍ തിരിച്ചറിയുക, 4ജി സംവിധാനത്തിന് വേണ്ട ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ ഘടകങ്ങള്‍ തിരിച്ചറിയുക, ആദ്യം തയ്യാറാക്കിയ ടെണ്ടറില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയ ചുമതലകളാണ് പുതിയ സമിതിക്ക് ഉള്ളത്.

ടെലികോം ഡയറക്ടറേറ്റിലെ മൂന്ന് പേര്‍, മദ്രാസ്, കാണ്‍പൂര്‍ ഐഐടികളിലെ ഡയറക്ടര്‍മാര്‍, നാഷണല്‍ സെക്യുരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയേറ്റിലെ ഒരംഗം, ബിഎസ്എന്‍എല്ലിലെയും എംടിഎന്നിലെയും ഓരോ ഡയറക്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ടതാണ് വിദഗ്ദ്ധ സമിതി. രാജ്യതാത്പര്യം പൂര്‍ണ്ണമായും സംരക്ഷിച്ച് കൊണ്ടുള്ള ടെണ്ടര്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് ലക്ഷ്യം.

Follow Us:
Download App:
  • android
  • ios