ദില്ലി: രാജ്യത്തെ 8600 ഓളം മരുന്നു കമ്പനികൾ ഉന്നയിച്ചിരിക്കുന്ന വിചിത്രമായ ആവശ്യം ആരെയും അമ്പരപ്പിക്കുന്നത്. വിൽപ്പന
വർദ്ധിപ്പിക്കുന്നതിനായി രാജ്യത്തെ ഡോക്ടർമാർക്ക് നൽകുന്ന സമ്മാനങ്ങൾക്ക് ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. ആദായ നികുതി വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.

ആകെ 8667 കമ്പനികളാണ് ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തപ്പോൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ജനുവരിയിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് ഇതിനെല്ലാം ആധാരം. മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് കൈക്കൂലി
കൊടുക്കുന്നുവെന്നും ഇതിനായി മരുന്ന് വില അനധികൃതമായി ഉയർത്തുന്നുവെന്നുമാണ് കേസ്. ജസ്റ്റിസുമാരായ എൻ കിരുബാകരൻ, പി വേൽമുരുകൻ എന്നിവരാണ് കേസിൽ വാദം കേൾക്കുന്നത്.

രാജ്യത്ത് 2015 മുതൽ പ്രവർത്തിക്കുന്ന മുഴുവൻ മരുന്നുകമ്പനികളുടെയും വിവരങ്ങൾ കേന്ദ്രസർക്കാരിനോട് ചോദിച്ചിരിക്കുകയാണ് കോടതി. അഞ്ച് വർഷത്തിനിടെ ഡോക്ടർമാർക്ക് സമ്മാനം നൽകിയ വകയിൽ ആദായ നികുതി ഇളവ് നേടിയ കമ്പനികളുടെ വിവരങ്ങളും ചോദിച്ചിട്ടുണ്ട്.

ഈ കാര്യം ഞെട്ടിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് നിലവിലുള്ള നിയമ പ്രകാരം മരുന്ന് കമ്പനികൾ യാതൊരു പ്രതിഫലവും ഡോക്ടർമാർക്ക് നൽകാൻ പാടില്ല. ഗുണമേന്മ മാത്രം അടിസ്ഥാനമാക്കിയാവണം ഡോക്ടർമാർ മരുന്നുകൾ നിർദ്ദേശിക്കേണ്ടത്. ഈ നിയമം അട്ടിമറിക്കപ്പെടുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളാണ് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്ന നികുതി ഇളവിലൂടെ വ്യക്തമാകുന്നത്.