മുംബൈ: രാജ്യത്ത് ഓൺലൈൻ സങ്കേതങ്ങൾ വഴിയുള്ള നിയമനങ്ങളിൽ ജനുവരി മുതൽ ജൂൺ വരെയുള്ള കാലത്ത് ഇടിവുണ്ടായതായി റിപ്പോർട്ട്. പ്രമുഖ ഓൺലൈൻ റിക്രൂട്ടിംഗ് ഏജൻസിയായ മോൺസ്റ്റർ ഡോട് കോമിന്റെ എംപ്ലോയ്മെന്റ് ഇന്റക്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ വർഷം ആദ്യ പകുതിയിൽ അഞ്ച് ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മോട്ടോർ വാഹന നിർമ്മാണം, അനുബന്ധ മേഖലകൾ, ടയർ വിപണന രംഗം എന്നിവയിൽ പത്ത് ശതമാനത്തോളം ഇടിവുണ്ടായി. കാർഷിക വ്യവസായ രംഗത്ത് 51 ശതമാനത്തിന്റെ ഇടിവുണ്ടായി.

എന്നാൽ 2018 ലെ ആദ്യ ആറ് മാസങ്ങളെ അപേക്ഷിച്ച് ഈ ആറ് മാസം 16 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ചില്ലറ വിൽപ്പന, ടെലികോം, പ്രൊഫഷണൽ രംഗം എന്നിവയിലാണ് വർദ്ധനവ് ഉണ്ടായത്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റിൽ ഇടിവുണ്ടായത് ടെലികോം രംഗത്താണ്. ഇപ്പോൾ ഈ രംഗം മെച്ചപ്പെടുകയാണ്. 

എന്നാൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലത്ത് 23 ശതമാനം റിക്രൂട്ട്മെന്റിൽ വളർച്ച രേഖപ്പെടുത്തിയ കാർഷിക വ്യവസായ രംഗം ഇപ്പോൾ താഴേക്ക് പോയത് ആശങ്ക വർദ്ധിപ്പിക്കുന്നു. 51 ശതമാനമാണ് ഇടിവ്.  ദില്ലി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെല്ലാം റിക്രൂട്ട്മെന്റ് നടത്തുന്നതിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും ഈ റിപ്പോർട്ട് പറയുന്നു.